ADVERTISEMENT

പാലക്കാട് ∙ കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചാണ് ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 പേർ മരിച്ചതെന്നു സംശയം. മരിച്ചവർ കഴിച്ചതു മദ്യമല്ലെന്നു സ്ഥിരീകരിച്ചതായി എക്സൈസ് അറിയിച്ചു. മൃതദേഹത്തിൽ നിന്നെടുത്ത ദ്രാവകങ്ങളുടെ രാസപരിശേ‍ാധനാ ഫലം ലഭിച്ചാലേ‍‍ ദുരന്തകാരണം വ്യക്തമാകൂ. ഇത് ഉടൻ ലഭിക്കാൻ ഡിജിപി മുഖേന നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.

കഞ്ചിക്കോട് മേഖലയിലെ പല വ്യവസായ സ്ഥാപനങ്ങളും സ്പിരിറ്റ് ഉപയോഗിക്കുന്നുണ്ട്. അതു ദുരുപയേ‍ാഗപ്പെടുത്തുന്ന സംഘങ്ങൾ വഴി സ്പിരിറ്റ് കേ‍ാളനിയിലെത്താനുള്ള സാധ്യത പരിശോധിക്കുകയാണു പൊലീസും എക്സൈസും. വ്യാവസായിക സ്പിരിറ്റിൽ ശീതളപാനീയം കലർത്തി കുടിച്ചു 3 യുവാക്കൾ മരിച്ച സംഭവം മുൻപ് ഇവിടെയുണ്ടായിട്ടുണ്ട്.

വ്യവസായ മേഖലയിൽ നിന്ന് 5 കിലോമീറ്റർ മാത്രമാണ് കോളനിയിലേക്കുള്ളത്. ഊരുകളിൽ പരിശോധന നടത്തിയെങ്കിലും മദ്യം കൊണ്ടുവന്നതെന്നു കരുതുന്ന കന്നാസോ കുപ്പിയോ കണ്ടെത്തിനായില്ല. മദ്യം കൊണ്ടുവന്നയാളും ആദ്യം കഴിച്ച 2 പേരും മരിച്ചതിനാൽ സ്രോതസ്സ് കണ്ടെത്തുന്നതു ദുഷ്കരമായിരിക്കുകയാണ്.മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങൾ ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഊരിലെത്തിച്ചു. ശിവന്റെ മൃതദേഹം ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലും ബാക്കിയുള്ളവരുടേതു കഞ്ചിക്കോട് വാതക ശ്മശാനത്തിലുമാണു സംസ്കരിച്ചത്.

3 കുരുന്നുകൾക്കും തണലായി ശിശുസംരക്ഷണ സമിതി

പാലക്കാട് ∙ കഞ്ചിക്കോട് ദുരന്തത്തിൽ മരിച്ച ശിവന്റെ മൂന്നു മക്കളുടെയും സംരക്ഷണം ശിശുസംരക്ഷണസമിതി ഏറ്റെടുക്കും. രണ്ടു വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചുപേ‍ായ ശേഷം ശിവനാണു മക്കളെ വളർത്തിയത്. മൂത്ത കുട്ടി സിബിൻ അഞ്ചിലും രണ്ടാമത്തെയാൾ സിബു നാലിലും ഇളയ പെൺകുട്ടി സിജിത മൂന്നാം ക്ലാസിലുമാണു പഠിക്കുന്നത്.

കേ‍ാവിഡ് മൂലം ക്ലാസില്ലാത്തതിനാൽ കുട്ടികൾ വീട്ടിൽ തനിച്ചായിരുന്നു. കൂലിപ്പണിക്കാരനായ ശിവൻ എത്തുന്നതുവരെ ബന്ധുക്കളുടെ വീടുകളിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോൾ ഊരുമൂപ്പന്റെ സംരക്ഷണത്തിലാണു കുട്ടികൾ.സമിതി പ്രതിനിധികൾ ബന്ധുക്കളും ഊരുമൂപ്പനും കുട്ടികളുമായി സംസാരിച്ചു.

ശിവന്റെ മരണാനന്തരച്ചടങ്ങിനു ശേഷം ഊരുമൂപ്പന്റെ അനുമതിയേ‍ാടെ നടപടി പൂർത്തിയാക്കും. തുടർന്നു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. ആദിവാസി വിഭാഗത്തിൽപ്പെട്ടവരായതിനാൽ വകുപ്പിന്റെ മേ‍ാഡൽ റസിഡൻഷ്യൽ സ്കൂളിലേക്കു മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.

English Summary: Five dead in Kanjikode drinking spirit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com