ADVERTISEMENT

കോട്ടയം ∙ 300 കിടക്കകളോടെ രണ്ടു വർഷമെങ്കിലും പ്രവർത്തിച്ച ആശുപത്രികളിൽ മാത്രമേ ഇനി മെഡിക്കൽ കോളജ് ആരംഭിക്കാവൂ എന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ വ്യവസ്ഥ കേരളത്തിൽ കോന്നി, കാസർകോട് മെഡിക്കൽ കോളജുകളിൽ എംബിബിഎസ് അഡ്മിഷൻ വർഷങ്ങൾ വൈകിച്ചേക്കും. കോന്നിയിൽ കഴിഞ്ഞ മാസമാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്.

300 കിടക്കകളാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്യുന്നതെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. കാസർകോട്ട് മെഡിക്കൽ കോളജിനായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഏപ്രിൽ മുതൽ താൽക്കാലികമായി 100 കിടക്കകളോടെ കോവിഡ് ആശുപത്രിയായി പ്രവ‍ർത്തിക്കുകയാണ്. സാധാരണ നിലയിലുള്ള ആശുപത്രി പ്രവർത്തനം ആരംഭിച്ചിട്ടുമില്ല. 2 വർഷം പ്രവർത്തിച്ച ശേഷം അപേക്ഷിച്ചാലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ പിന്നെയും സമയമെടുക്കും.

തുടക്കത്തിൽ 300 കിടക്കകളും എംബിബിഎസ് ആദ്യ ബാച്ച് പൂ ർത്തിയാകുമ്പോഴേക്ക് 500 കിടക്കകളും വേണമെന്നാണു മെഡിക്കൽ കമ്മിഷന്റെ നിർദേശം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പകരം രൂപീകരിച്ച ദേശീയ മെഡിക്കൽ കമ്മിഷന്റെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്. മെഡിക്കൽ കോളജുകൾ നേരിട്ടു തുടങ്ങുന്ന രീതി ഇതോടെ ഇല്ലാതായി.

മെഡിക്കൽ കോളജുകളിൽ നിരീക്ഷണത്തിനു സിസിടിവി, അധ്യാപകർക്കും വിദ്യാർഥികൾക്കും ബയോമെട്രിക് ഹാജർ സംവിധാനം എന്നിവ നിർബന്ധമാക്കി. ഇതോടെ എല്ലാ മെഡിക്കൽ കോളജുകളിലെയും അധ്യയനവും ചികിത്സയും ഇനി കമ്മിഷനു ഡൽഹിയിൽ നിന്നു നിരീക്ഷിക്കാം.

ആശുപത്രി മെഡിക്കൽ കോളജിൽ തന്നെയാകുന്നത് അഭികാമ്യം; ഇല്ലെങ്കിൽ 10 കിലോമീറ്റർ പരിധിക്കുള്ളിൽ വേണം. കുറഞ്ഞത് 20 ഏക്കർ ക്യാംപസ് വേണം. 100– 250 എംബിബിഎസ് സീറ്റുകളാകാം.

മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗത്തിനു പകരം കൂടുതൽ വിപുലമായ 24 മണിക്കൂർ അടിയന്തര ചികിത്സാ വിഭാഗം തുടങ്ങും. ഇതു ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മാതൃകയിലായിരിക്കും. ഓരോ രോഗിക്കും രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ‘ട്രയാജ്’ സംവിധാനം നിർബന്ധമാക്കി.

എല്ലാ മെഡിക്കൽ കോളജിലും കോവിഡ് പരിശോധനയ്ക്കു പിസിആർ ലാബ് വേണം. കോളജിന് അംഗീകാരം ലഭിക്കാനും ഇതു നിർബന്ധമാണ്.

Content Highlights: Konni, Kasaragod medical colleges

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com