ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ ഡയറക്ടർ നിയമനത്തിനുള്ള സിലക്‌ഷൻ നടപടികൾ സ്വീകരിക്കണമെന്നു ഹൈക്കോടതി. ഡയറക‌്ടർ സ്ഥാനത്തു ഡോ. ആശ കിഷോറിന്റെ കാലാവധി 5 വർഷം നീട്ടിയതു റദ്ദാക്കിയ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവു കോടതി ശരിവച്ചു. 

സിഎടി ഉത്തരവിനെതിരെ ഡോ. ആശ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. 2015 ഏപ്രിൽ 13നു ശ്രീചിത്ര ഡയറക്ടറായി ഡോ. ആശയെ 5 വർഷത്തേക്കു നിയമിച്ചിരുന്നു. 2020 മേയ് 12നു കാലാവധി കഴിഞ്ഞതിനെ തുടർന്ന് 5 വർഷം നീട്ടി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജൂൺ 2ന് ഇറക്കിയ ഉത്തരവാണു സിഎടി റദ്ദാക്കിയത്. 

ഡയറക്ടറുടെ കാലാവധി നീട്ടാൻ ഇൻസ്റ്റിറ്റ്യൂട്ടിന് അധികാരമുണ്ടെങ്കിലും മന്ത്രിസഭയിലെ നിയമന സമിതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്നു കോടതി പറഞ്ഞു. ഇവിടെ അനുമതി തേടിയിട്ടില്ല. കാലാവധി നീട്ടിയതു പിൻവലിക്കണമെന്നു കാണിച്ചു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം 2 തവണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റിനു കത്തയച്ചിരുന്നു. കാലാവധി നീട്ടാൻ മന്ത്രിസഭയിലെ നിയമന സമിതിയുടെ അനുമതി ആവശ്യമാണെന്ന് കേന്ദ്രത്തിന്റെ ഈ കത്തുകളിൽ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

ഭരണനിർവഹണ കാര്യങ്ങളിൽ കേന്ദ്രം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിനു ബാധകമാണ്. കേന്ദ്ര സർക്കാരും ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ തർക്കമുണ്ടായാൽ കേന്ദ്ര നിർദേശമാണ് അന്തിമം. ഡോ. ആശയുടെ ഹർജി തള്ളിയ ട്രൈബ്യൂണലിന്റെ നടപടിയിൽ അപാകതയില്ലെന്നു കോടതി വ്യക്തമാക്കി. 

English Summary : HC approves Central govt decision to remove Dr. Asha Kishore from Sree Chitra Institute director post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com