ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി അടക്കം 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ ഒരാൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ കസ്റ്റഡിയിലുണ്ട്. 

സംഭവ സമയം ഔഫിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് ഉൾപ്പെടെ 3 പേരെ പ്രതികളാക്കി കേസെടുത്തത്. ഷുഹൈബ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 2 സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.

ബുധനാഴ്ച രാത്രി 10.30ന് കല്ലൂരാവി മുണ്ടത്തോട്ടിലാണ് അബ്ദുൽ റഹ്മാൻ ഒൗഫിനെ മൂന്നംഗ സംഘം കുത്തി വീഴ്ത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഔഫിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദ് പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കണ്ണൂർ പൊലീസ് മേധാവി യതീഷ് ചന്ദ്ര എന്നിവർ സ്ഥലത്തെത്തി. 

സംഭവസ്ഥലത്തു നിന്ന് അക്രമികളുടേതെന്നു കരുതുന്ന കണ്ണടയും ചെരിപ്പും സമീപത്തെ തെങ്ങിൻ തോപ്പിൽ നിന്ന് ഇരുമ്പു ദണ്ഡും പൊലീസ് കണ്ടെടുത്തു. ഷുഹൈബിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി.

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് വിലാപയാത്രയായി എത്തിച്ച് കബറടക്കം നടത്തി. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. 

എപി സുന്നി വിഭാഗത്തിന്റെ സജീവ പ്രവർത്തകനാണ് ഔഫ്. അതേസമയം ഔഫ് ഡിവൈഎഫ്ഐ പ്രവർത്തകനല്ലെന്നു ബന്ധുക്കളിൽ ചിലർ പറയുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 35–ാം വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതിനെത്തുടർന്നു നടന്ന എൽഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിൽ ഔഫ് പങ്കെടുത്തിരുന്നു. കൊലപാതകത്തിൽ എസ്എസ്എഫും എസ്‌വൈഎസും പ്രതിഷേധിച്ചു.

സിപിഎം സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു

തിരുവനന്തപുരം ∙ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഹൗഫിന്റെ കൊലപാതകത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സഹിക്കാനാകാത്ത മുസ്‌ലിം ലീഗ്‌ അക്രമത്തിലേക്കു നീങ്ങുകയാണ്‌. പരമ്പരാഗത ശക്തി മേഖലയിൽ ഉണ്ടായ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാൻ ലീഗിനെ നിർബന്ധിതമാക്കിയത്‌. സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്‌. സമനില തെറ്റിയാൽ അക്രമവും കൊലപാതകവും എന്ന നിലപാട്‌ ലീഗ് അവസാനിപ്പിക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു.

സത്യസന്ധമായി അന്വേഷിക്കണം

‘കാഞ്ഞങ്ങാട് കൊലപാതകം പൊലീസ് സത്യസന്ധമായി അന്വേഷിക്കണം. മുസ്‍ലിം ലീഗ് പ്രവർത്തകനാണ് ആദ്യം ആക്രമണത്തിന് ഇരയായത്. കൊല്ലപ്പെട്ടത് ഐഎൻഎൽ പ്രവർത്തകനാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകം ആരു നടത്തിയാലും ദൗർഭാഗ്യകരമാണ്. പിന്നിൽ ആരാണെന്ന് മുസ്‍ലിം ലീഗ് അന്വേഷിക്കും. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് അല്ല ലീഗിന്റേത്.’ – കെ.പി.എ.മജീദ്, മുസ്‍ലിം ലീഗ്  ജനറൽ സെക്രട്ടറി

English Summary: Kanhangad DYFI leader murder updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com