ADVERTISEMENT

ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സ്മരണകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ച് നായർ സർവീസ് സൊസൈറ്റി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സംസ്ഥാനത്തുടനീളം സമുദായാംഗങ്ങൾ ഭക്ത്യാദരത്തോടെ മന്നത്ത് പത്മനാഭന്റെ 144-ാം ജന്മദിനാചരണം നടത്തി. ഛായാചിത്രത്തിനു മുന്നിൽ നിലവിളക്കു തെളിച്ചും പുഷ്പാർച്ചന നടത്തിയും പ്രാർഥനാനിരതരായി. 60 താലൂക്ക് യൂണിയനുകളിലും എല്ലാ കരയോഗങ്ങളിലും എൻഎസ്എസിന്റെ മറ്റു സ്ഥാപനങ്ങളിലും ജന്മദിനാചരണം നടന്നു. 

പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ രാവിലെ 7.30ന് ആരംഭിച്ച ചടങ്ങുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകി. 

സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി ജീവിതാവസാനം വരെ പ്രവർത്തിച്ച മന്നത്ത് പത്മനാഭൻ ഏവർക്കും മാതൃകയാണെന്നു ജി. സുകുമാരൻ നായർ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ ആദർശങ്ങളും ദർശനങ്ങളും ഉൾക്കൊണ്ട് അതേ പാതയിലൂടെ മുന്നേറാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മന്നം ജയന്തിക്ക് ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. സാമൂഹിക സേവനം, സാമൂഹിക നീതി, സാംസ്കാരിക പുനരുദ്ധാരണം എന്നിവയിലെ സംഭാവനകൾക്കു മന്നത്ത് പത്മനാഭനോടു വരുംതലമുറകളും കടപ്പെട്ടിരിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. മറ്റുള്ളവരുടെ ഉന്നമനത്തിനായി പൂർണമായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

സാമൂഹിക സമത്വത്തിനായി പൊരുതിയ മന്നത്ത് പത്മനാഭൻ നിരാലംബരുടെ ഉന്നമനത്തിനായി നയിച്ച പോരാട്ടങ്ങളും സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തവും നമ്മെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജി.സുകുമാരൻ നായർ നന്ദി അറിയിച്ചു. ഇതുവഴി മന്നത്ത് പത്മനാഭന്റെ ജീവിതമാതൃക ദേശീയ തലത്തിലും തലമുറകൾക്കു പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ 11.30 വരെയാണു പുഷ്പാർച്ചനയ്ക്കു സമയം തീരുമാനിച്ചിരുന്നതെങ്കിലും വിവിധ സ്ഥലങ്ങളിൽ നിന്നു കൂടുതൽ പേർ എത്തിയതോടെ വൈകുന്നേരം വരെ നീട്ടി. സമുദായ അംഗങ്ങൾക്കു പുറമേ രാഷ്ട്രീയ- സാമൂഹിക– സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രശസ്തരും പുഷ്പാർച്ചനയ്ക്ക് എത്തി. 

ജനുവരി 1, 2 തീയതികളിൽ നടന്നിരുന്ന വിപുലമായ മന്നം ജയന്തി ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ഇത്തവണ ചുരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com