ADVERTISEMENT

കോട്ടയം ∙ കുമരകം മഞ്ചാടിക്കരിയിലെ വീട്ടുമുറ്റത്തു നിന്നു തൊട്ടടുത്തുള്ള കൈത്തോടിന്റെ ഓരം വരെ എൻ.എസ്.രാജപ്പന് (72) നിരങ്ങിയെത്താനേ കഴിയൂ. കടവിൽ അടുക്കിവച്ച മണൽച്ചാക്കുകളിൽ കൈ കുത്തി കൊച്ചുവള്ളത്തിലേക്കു കയറും. പോളിയോ ബാധിച്ചു തളർന്ന ഇരുകാലുകളും വള്ളത്തിലേക്ക് എടുത്തുവയ്ക്കും. പിന്നെ വേമ്പനാട്ടു കായൽ ലക്ഷ്യമാക്കി തുഴയും. 

ആ യാത്രയ്ക്ക് ഒരു സന്ദേശമുണ്ട്– കായലും ഇടത്തോടുകളും മലിനമാക്കരുതെന്ന സന്ദേശം. കായലിലും ഇടത്തോടുകളിലുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതിനു ശേഷമാണു രാജപ്പന്റെ മടക്കം. ഇവ ആക്രിവിലയ്ക്കു വിൽക്കുമ്പോൾ ലഭിക്കുന്ന തുകയാണ് ഉപജീവനമാർഗം. കഴിഞ്ഞ 6 വർഷമായി ഇതാണു പതിവ്. 

വീട്ടിൽ നിന്നു രാവിലെ ഒൻപതോടെ പുറപ്പെടും. വഞ്ചി നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി തിരികെയെത്തുമ്പോൾ നേരം ഇരുട്ടും. ചിലപ്പോൾ പിറ്റേന്നാകും മടങ്ങിയെത്തുക. അങ്ങനെയെങ്കിൽ ഏതെങ്കിലും കടവിൽ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തിൽത്തന്നെ ഉറങ്ങും. ‘‘ജീവിക്കാനുള്ളതു കിട്ടും, പിന്നെ കായലും തോടുമൊക്കെ കുറച്ചെങ്കിലും വൃത്തിയായിക്കിടക്കുമല്ലോ’’– രാജപ്പൻ പറയുന്നു. 

കൈകൾ നിലത്തു കുത്തി ഇഴഞ്ഞേ മുന്നോട്ടു നീങ്ങാൻ കഴിയൂ. പല ജോലികളും ചെയ്തു നോക്കിയെങ്കിലും ആരോഗ്യപ്രശ്നം മൂലം തുടരാനായില്ല. ഇതോടെയാണു ശ്രമകരമല്ലാത്ത ജോലികളിലേക്കു തിരിഞ്ഞത്. ദിവസക്കൂലിക്ക് എടുത്ത വള്ളത്തിലാണ് ആദ്യം കായലിൽ പോയിരുന്നത്. പിന്നീടു സന്നദ്ധ സംഘടനകളുടെ കാരുണ്യത്തിൽ സ്വന്തമായി വള്ളം കിട്ടി. 

കായലിൽ നിന്നു പെറുക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ചാക്കിൽ കെട്ടിയാണു കൊണ്ടുവരുന്നത്. ഇതു വള്ളത്തിൽ നിന്നു കരയിലേക്ക് എടുത്തുവയ്ക്കാൻ ആരെങ്കിലും ഒരു കൈ സഹായിക്കണം എന്നു മാത്രം. 

മഞ്ചാടിക്കരിയിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞ വർഷം വരെ ഒറ്റയ്ക്കായിരുന്നു താമസം. അടുത്ത വീട്ടിലുള്ളവരാണു ഭക്ഷണവും മറ്റും നൽകിയിരുന്നത്. എന്നാൽ 2019ലെ വെള്ളപ്പൊക്കത്തിൽ വീടു തകർന്നതോടെ സഹോദരി വിലാസിനിയുടെ വീട്ടിലേക്കു മാറി. 

∙ ‘ഒരു വള്ളം നിറയെ പ്ലാസ്റ്റിക് കുപ്പികളുമായാകും ചിലപ്പോൾ മടങ്ങിയെത്തുക. പക്ഷേ, ഇത് ഒരു കിലോ പോലും കാണില്ല. ഒരു കിലോ പ്ലാസ്റ്റിക് കുപ്പികൾ നൽകിയാൽ 12 രൂപയാണു ലഭിക്കുക. ശരീരം അനുവദിക്കുന്നിടത്തോളം കാലം കായലിൽ പോകും, പ്ലാസ്റ്റിക് പെറുക്കും.’ – എൻ.എസ്. രാജപ്പൻ 

English Summary: Kumarakom boater plastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com