ADVERTISEMENT

   

ഇന്നലെ ബജറ്റിൽ അവതരിപ്പിച്ച പല പദ്ധതികളും പ്രഖ്യാപനങ്ങളും തോമസ് ഐസക്കിന്റെ തന്നെ അടക്കം മുൻ ബജറ്റുകളിൽ സ്ഥാനം പിടിച്ചവയുടെ ആവർത്തനം. മിക്കവയും മുൻപ് പ്രഖ്യാപിച്ചെങ്കിലും മുൻപോട്ടു പോകാഞ്ഞവ. അൽപസ്വൽപം മാറ്റങ്ങളോടെ പലതും പുതിയതെന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ടു. അവയിൽ ചിലത്:

തിരുവനന്തപുരം ∙ ‘കിട്ടിയാൽ ഉൗട്ടി; അല്ലെങ്കിൽ ചട്ടി’. വീണ്ടും കേരളം ഭരിക്കണമെന്ന ആഗ്രഹത്താൽ മന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങൾ ഇൗ സിനിമാ ഡയലോഗിൽ ചുരുക്കാം. അധിക നികുതികൾ ചുമത്തി ആരെയും നോവിച്ചില്ല. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കിയുമാണു പദ്ധതികൾ പ്രഖ്യാപിച്ചത്.

എന്നാൽ, ഇതൊക്കെ നടപ്പാക്കാൻ എവിടെ നിന്നു പണം കണ്ടെത്തും? ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോൾ മന്ത്രിയോടു ചോദിച്ചു. മറുപടി ഇങ്ങനെ: ‘‘ചെലവു ചുരുക്കി പണം കണ്ടെത്തും’’

നാലര വർഷമായി ഇൗ സർക്കാർ ചെലവു ചുരുക്കാൻ നോക്കിയിട്ടു നടന്നില്ല. അതിനാൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വെട്ടിച്ചുരുക്കി. പണം തികയാതെ വരുമ്പോൾ കടമെടുക്കുകയും പദ്ധതികൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സർക്കാർ ഇത്രയധികം പദ്ധതികൾ എന്തിനാണു പ്രഖ്യാപിക്കുന്നതെന്ന ചോദ്യം ബാക്കി.

കഴിഞ്ഞ 5 ബജറ്റുകളിൽ ഐസക്കിനു താങ്ങായ കിഫ്ബിയിൽ ഇത്തവണ അധികം പദ്ധതികളില്ല. അതിനാൽ ബജറ്റിനുള്ളിലെ വരുമാനത്തിൽനിന്നു കൊണ്ടുവേണം വരുന്ന വർഷം പദ്ധതികളൊക്കെ നടപ്പാക്കാൻ. സർക്കാർ മാറിയാലും തുടർന്നാലും പുതിയ സർക്കാരിനു പുതിയ ബജറ്റ് അവതരിപ്പിച്ചേ തീരൂ. അതിനാൽ ഇൗ ബജറ്റിനെ ഒരു ബജറ്റെന്നതിനപ്പുറം പ്രകടനപത്രികയായി കാണുന്നതാകും പ്രായോഗികം.

നികുതി കൂട്ടേണ്ടി വരും

ഒന്നേ കാൽ ലക്ഷം കോടിയുടെ ബജറ്റാണു മന്ത്രി അവതരിപ്പിച്ചത്. ഇതിൽ 30,000 കോടി രൂപയും കടമെടുപ്പു വഴിയാണു സമാഹരിക്കേണ്ടത്. കഴിഞ്ഞ വർഷം 32,000 കോടി കടമെടുക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കേന്ദ്രം അധിക കടമെടുപ്പിന് അംഗീകാരം നൽകിയതിനാൽ 35,000 കോടി കടമെടുക്കാൻ കഴിഞ്ഞു. എന്നാൽ, അടുത്ത വർഷം അധിക കടമെടുപ്പ് കേന്ദ്രം അനുവദിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ ഇൗ ബജറ്റനുസരിച്ചാണു മുന്നോട്ടു പോകുന്നതെങ്കിൽ സർക്കാർ അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാകും. കടുത്ത ട്രഷറി നിയന്ത്രണവും വേണ്ടിവരും.

മദ്യം ഒരു മുഴം മുൻപേ

ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടാകാതിരിക്കാൻ നടത്തിയ തന്ത്രമാണു മദ്യനികുതി വർധന ഒഴിവാക്കൽ. ബജറ്റിൽ മദ്യത്തിനു വില കൂടിയില്ലെന്നു പലരും ആശ്വസിക്കും. എന്നാൽ, അടുത്ത മാസം മുതൽ അടിസ്ഥാന വിലയിൽ 7% വർധന വരുത്താൻ അണിയറയിൽ ധാരണയായിക്കഴിഞ്ഞു. 100 മുതൽ 200 രൂപ വരെ കുപ്പിയൊന്നിനു വില കൂടും. ട്രഷറി പലിശ നിരക്ക് എട്ടര ശതമാനത്തിൽ നിന്നു 8 ശതമാനമായി കുറയ്ക്കുമെന്നു മന്ത്രി പരസ്യമായി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും അതു ബജറ്റിലില്ല. പലിശ നിരക്കു മാറ്റം ഉത്തരവായി ഇറക്കാനാണു പദ്ധതി. പണമില്ലാത്ത കാലത്തു പലിശ അധികം നൽകി നിക്ഷേപം സ്വീകരിച്ച സർക്കാർ ഇപ്പോൾ കൂടുതൽ കടമെടുക്കാൻ അവസരം കിട്ടിയതോടെ അധിക ബാധ്യത ഒഴിവാക്കാൻ പലിശ നിരക്കു കുറയ്ക്കുകയാണ്.

പദ്ധതികൾക്കുള്ള  3918 കോടി വെട്ടിക്കുറച്ചു

പണമില്ലാത്തതിനാൽ ഇൗ വർഷത്തെ ബജറ്റിൽ പദ്ധതികൾ നടപ്പാക്കാൻ മാറ്റിവച്ച തുകയിൽ 3918 കോടി രൂപ വെട്ടിക്കുറച്ചു. ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 24,085 കോടി രൂപയാണു പദ്ധതി വിഹിതം. 28,003 കോടി രൂപ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തേയ്ക്കു 29,027 കോടി രൂപയാണ് പദ്ധതികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കിഫ്ബി: 15,000 കോടിയുടെ പദ്ധതികൾ അടുത്ത വർഷം

തിരുവനന്തപുരം ∙ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 60,000 കോടിയുടെ വികസന പദ്ധതികളിൽ 15,000 കോടിയുടേത് അടുത്ത വർഷം പൂർത്തിയാക്കും. 7000 കോടിയുടെ പദ്ധതികൾ ഇതിനകം പൂർത്തിയാക്കി. 821 പദ്ധതികൾക്കായി 40,100 കോടി അംഗീകരിച്ചു.

വ്യവസായ പാർക്കുകൾക്കും മറ്റും ഭൂമി ഏറ്റെടുക്കാൻ 20,000 കോടി അനുവദിച്ചു. 19,100 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ വിളിക്കുകയോ നിർവഹണ ഘട്ടത്തിലേക്കു കടക്കുകയോ ചെയ്തു.

കിഫ്ബി പോലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന ധനകാര്യ സ്ഥാപനങ്ങളുണ്ട്. അവരും വായ്പകൾ എടുക്കുന്നുണ്ട്. എന്നാൽ കിഫ്ബി പോലെ വലിയ തോതിൽ വിഭവസമാഹരണം നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 

പരമദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ കണ്ടെത്തും

തിരുവനന്തപുരം ∙ ദാരിദ്ര്യം തുടച്ചുനീക്കാൻ കേരളത്തിലെ പരമദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ കണ്ടെത്താൻ സർവേ. ഇവരുടെ ഉന്നമനത്തിനു കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകൾ 5 വർഷം കൊണ്ടു നടപ്പാക്കും. ഒരു കുടുംബത്തിനു ശരാശരി 15 ലക്ഷം രൂപ വച്ച് ആകെ 6000–7000 കോടി രൂപ ചെലവാക്കും.

ആശ്രയ പദ്ധതിയിൽ നേരത്തേ വകയിരുത്തിയ 40 കോടിക്കു പുറമേ 100 കോടി കൂടി അനുവദിച്ചു. 2011ലെ റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം കേരളത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത് 11.3% പേരാണ്. ഇപ്പോഴത്തെ കണക്കു പ്രകാരം അത് 4–5 ലക്ഷം വരും. നിലവിൽ ആശ്രയ പദ്ധതിയിൽ 1.5 ലക്ഷം കുടുംബങ്ങളാണു ഗുണഭോക്താക്കൾ. വീടില്ലാത്തവർക്കു ലൈഫ് പദ്ധതിയിൽ വീട് നൽകും. ജോലി ചെയ്തു ജീവിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾക്കു മാസം തോറും ധനസഹായം നൽകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സർക്കാർ ലഭ്യമാക്കും.

പദ്ധതിക്ക് മാതൃക ആലപ്പുഴ

ആലപ്പുഴയിൽ പി.കെ. കാളൻ പദ്ധതി പ്രകാരം ഉള്ളാടർ വിഭാഗത്തിൽപെട്ട 165 ദരിദ്ര കുടുംബങ്ങൾക്ക് മൈക്രോ പ്ലാനുകൾ തയാറാക്കിയതാണു മാ‍തൃകയാക്കുക. ഇവർക്കു വീടും ശുചിമുറിയും ഉറപ്പു വരുത്തി. 56 സ്ത്രീകൾക്കു കയർ ഫാക്ടറിയിൽ തൊഴിൽ നൽകി. പുരുഷന്മാർക്കു തൊഴിൽ ഉപകരണങ്ങളും സഹകരണ സംഘവും ഉറപ്പാക്കി. കൂടുതൽ പേരുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.

സംരംഭകർക്ക് 2000 കോടി വായ്പാപദ്ധതി

സംരംഭകരെ പ്രോൽസാഹിപ്പിക്കാൻ 2000 കോടി രൂപയുടെ വായ്പ പദ്ധതിയെക്കുറിച്ച് ബജറ്റിൽ പ്രഖ്യാപിച്ചു. സൂക്ഷ്മ– ചെറുകിട തൊഴിൽ സംരംഭക പ്രോത്സാഹന പരിപാടിയിൽ ഈ വർഷം 50,000 സംരംഭങ്ങളിലായി 2 ലക്ഷം പേർക്കു തൊഴിൽ. 2000 കോടി രൂപ വിവിധ ഏജൻസികൾ വായ്പ നൽകും. ഈ വായ്പകളുടെ പലിശ ഒരേ നിരക്കിലാക്കും. സബ്സിഡി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും സംയുക്തമായി വഹിക്കും.

മറ്റു പ്രഖ്യാപനങ്ങൾ

∙ മൈക്രോ സംരംഭങ്ങൾക്കുള്ള വായ്പ നടപടികൾ ലഘൂകരിക്കും. 

∙ കുടുംബശ്രീ ജില്ലാ മിഷനുകൾ പരിശോധിച്ച് പരിശീലനവും മേൽനോട്ടവും നൽകി നടപ്പാക്കുന്ന പ്രോജക്ടുകൾക്ക് ഈടില്ലാതെ വായ്പ 

∙ മാർച്ചിനു മുൻപ് 2000 മൈക്രോ സംരംഭങ്ങൾക്ക് കെഎഫ്സി വായ്പ. 

∙ കുടുംബശ്രീക്ക് പുറത്തുള്ള മൈക്രോ സംരംഭക അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക ഏജൻസി.  

∙ കുടുംബശ്രീ, ബ്ലോക്ക് ട്രെയിനിങ് കേന്ദ്രങ്ങൾ, അസാപ് എന്നിവ വഴിയുള്ള നൈപുണ്യപരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പ്രത്യേക പദ്ധതി. ഇതുവഴി ഒരുലക്ഷം പേർക്കു തൊഴിൽ.  

∙ കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ, പച്ചക്കറി വിപണനശാലകൾ, ഹോം ഷോപ്പികൾ, സേവനഗ്രൂപ്പുകൾ, നാളികേര സംഭരണ – സംസ്കരണ കേന്ദ്രങ്ങൾ, കോ-ഓപ്പ് മാർട്ട് തുടങ്ങിയ തൊഴിൽ ശൃംഖലകൾ വ്യാപിപ്പിക്കും. ഇതുവഴി 50,000 പേർക്കു തൊഴിൽ.  

പത്രപ്രവർത്തക പെൻഷൻ 1000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം ∙ ജേണലിസ്റ്റ്-നോൺ ജേണലിസ്റ്റ് പെൻഷനും ലൈബ്രറി കൗൺസിലിനു കീഴിലുള്ള ലൈബ്രേറിയൻമാരുടെ അലവൻസും 1000 രൂപ വീതം വർധിപ്പിച്ചു.

∙ പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സംസ്ഥാന സഹായം 50 ലക്ഷം രൂപയായി ഉയർത്തി.

∙ മീഡിയ അക്കാദമിക്ക് 5 കോടിയും കേരള ന്യൂസിയത്തിന് ഒരുകോടിയും വകയിരുത്തി.

∙ തിരുവനന്തപുരത്തു വനിത പത്രപ്രവർത്തകർക്കായി താമസ സൗകര്യത്തോടെ പ്രസ് ക്ലബ് സ്ഥാപിക്കും.

∙ മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശിക മാർച്ചിനകം കൊടുത്തു തീർക്കും.

ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി

തിരുവനന്തപുരം ∙ ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിച്ചു. വിപണിയിലെ ഇടപെടലിനായി 230 കോടി രൂപ വകയിരുത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു 40 കോടിയും സപ്ലൈകോ അടക്കം വകുപ്പിന്റെ നവീകരണത്തിന് 25 കോടിയും സിവിൽ സപ്ലൈസ് ‍വകുപ്പിനായി വകയിരുത്തി.

2021-22 മുതൽ ഹോട്ടലുകൾ, പല‍ചരക്കു കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിങ് നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഇത് സേവനം മെച്ചപ്പെടാൻ സഹായിക്കും.

റീബിൽഡ് കേരളയ്ക്ക് 1830 കോടി

റീബിൽഡ് കേരള പദ്ധതിക്ക് ഈ വർഷം 1830 കോടി രൂപ അനുവദിച്ചു. ഇതുവരെ 7192 കോടി രൂപയുടെ പദ്ധതികൾക്കാണു ഭരണാനുമതി നൽകിയത്. ഇതിൽ 3909 കോടി രൂപയുടെ പദ്ധതികൾക്ക് ടെൻഡർ നൽകി. ലോകബാങ്കിന്റെ 1750 കോടി രൂപയുടെ വായ്പ ലഭിച്ചു. രണ്ടാംഘട്ടമായി 1750 കോടി രൂപ അടുത്ത മാസം ലഭിക്കും. തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് 1500 കോടി രൂപയുടെ വായ്പ ഉടൻ ലഭിക്കും.

12 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം : 1300 കോടി

തിരുവനന്തപുരം ∙ ജലജീവൻ മിഷൻ പദ്ധതി പ്രകാരം 2021–22 ൽ 12 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാൻ 1300 കോടി രൂപ ചെലവഴിക്കുമെന്ന് പ്രഖ്യാപനം.

സർക്കാർ 400 കോടി രൂപയും തദ്ദേശസ്ഥാപനങ്ങൾ 250 കോടി രൂപയും ഗുണഭോക്താക്കൾ 130 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഗ്രാമ‍തലത്തിൽ പൂർ‍ണമായും തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുക.

ജലനിധി വഴി 5889 ചെറുകിട പദ്ധതികളിലായി 4.51 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകി. എന്നാൽ സിഎജി റി‍പ്പോർട്ട് പ്രകാരം ഒന്നാംഘട്ടത്തിൽ 35% പദ്ധതികൾ പ്രവർത്തനരഹിതമായിട്ടുണ്ട്. ഇവയെ പുനരു‍ജ്‍ജീവിപ്പിക്കുന്നതിന് 30 കോടി രൂപ വകയിരുത്തി. ഭൂഗർഭജലം റീചാർ‍ജ് ചെയ്യുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും 10 കോടി രൂപയും വകയിരുത്തി.

ജല അതോറിറ്റി‌: 285 കോടി രൂപ 

തിരുവനന്തപുരം ∙ ജല അതോറിറ്റിയുടെ ശുദ്ധജല പദ്ധതികൾക്കായി 285 കോടി രൂപ വകയിരുത്തി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 4046 കോടി രൂപയുടെ 60 ശുദ്ധജല പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com