ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്തുന്നതിനു കോൺഗ്രസ് കേരള നേതൃത്വവുമായുള്ള ഹൈക്കമാൻഡിന്റെ കൂടിക്കാഴ്ച നാളെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഡൽഹിയിലെത്തി. ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നു വൈകിട്ടെത്തും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഹൈക്കമാൻഡിനെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയെയും സംസ്ഥാന നേതാക്കൾ കാണും.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, നിയമസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ എന്നിവ ചർച്ചയാകും. മോശം പ്രകടനം കാഴ്ചവച്ച ജില്ലാ നേതൃത്വങ്ങൾ അഴിച്ചുപണിയുന്നതും പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ അടിസ്ഥാനത്തിലുള്ള പ്രകടനം വിലയിരുത്തുന്ന റിപ്പോർട്ട് എഐസിസി സെക്രട്ടറിമാരായ പി. വിശ്വനാഥൻ, പി.വി. മോഹൻ, ഐവാൻ ഡിസൂസ എന്നിവർ ഹൈക്കമാൻഡിനു കൈമാറി.

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അവസരം വൈകുന്നതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന കെ.വി.തോമസിന്റെ കാര്യവും ചർച്ച ചെയ്യും. അവഗണിച്ചു മുന്നോട്ടുപോയാൽ കടുത്ത തീരുമാനമെടുക്കുമെന്നു  കഴിഞ്ഞ ദിവസം തോമസ്, ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും വ്യക്തമാക്കിയിരുന്നു.

ഗെലോട്ടും സംഘവും 22 ന് കേരളത്തിൽ

സംസ്ഥാനത്തേക്കുള്ള മുതിർന്ന നിരീക്ഷകരായി ഹൈക്കമാൻഡ് നിയോഗിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഗോവ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലെയ്റോ എന്നിവർ 22, 23 തീയതികളിൽ കേരളത്തിലെത്തും. സംസ്ഥാന നേതൃത്വവുമായും മത – സമുദായ നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും. 

English Summary: congress kerala leaders to hold talks with party leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com