ADVERTISEMENT

തിരുവനന്തപുരം ∙ ‘‘വെയിലിൽ പണിയെടുക്കുന്ന ഞങ്ങൾക്ക് ഒരു വർഷമായിട്ടും വരുമാനമില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും കൃത്യമായി കിട്ടുന്നുണ്ട്’’ രോഷവും സങ്കടവും ഇടകലർത്തി മുഖ്യമന്ത്രി പിണറായി വിജയനോടു കുടുംബശ്രീ പ്രവർത്തകയുടെ പരാതി. കുടുംബശ്രീ ജില്ലാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ വിഡിയോ കോൺഫറൻസിനിടെയാണു കാസർകോട്ടു നിന്നുള്ള ഗായത്രി പരാതി ഉന്നയിച്ചത്. ഹരിതകർമസേന അംഗമായിട്ടും താൻ ഉൾപ്പെട്ട സംഘാംഗങ്ങൾക്കു പണം ലഭിക്കുന്നില്ലെന്നും സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹം പ്രാവർത്തികമാകുന്നില്ലെന്നും ഇവർ പറഞ്ഞു. 

ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ബഡ്സ് സ്കൂളിന് 6 വർഷമായിട്ടും റജിസ്ട്രേഷൻ ലഭിക്കാത്തതിനാൽ തന്റെ കുട്ടിയെ വേണ്ടവണ്ണം പഠിപ്പിക്കാനുമാകുന്നില്ല. കുഞ്ഞിനെ സ്കൂളിൽ ആക്കിയിട്ടാണു ഹരിതകർമസേനയിൽ പ്രവർത്തിക്കുന്നത്. 

പരാതി പ്രത്യേകമായി പരിശോധിക്കുമെന്നു പിന്നീടു മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ 198 ബഡ്സ് സ്കൂളുകളാണു സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. 200 എണ്ണം കൂടി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ പദ്ധതിക്കും അർഹരായ ഗുണഭോക്താക്കളെ മാത്രമാകണം കുടുംബശ്രീ പ്രവർത്തകർ കണ്ടെത്തേണ്ടതെന്നും അഴിമതി ബാധിക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച പൂർണ ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം നേടുന്നതിൽ കുടുംബശ്രീക്കു പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും പിണറായി വിജയൻ പറഞ്ഞു. 

14 ജില്ലകളിലെയും കുടുംബശ്രീ ഭാരവാഹികൾ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ചില നിർദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. മന്ത്രി എ.സി.മൊയ്തീൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ എന്നിവർ പ്രസംഗിച്ചു.

English Summary: Kudumbasree members meeting with chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com