ADVERTISEMENT

തൃശൂർ ∙ വീടു വിട്ട കുട്ടി 60 വർഷത്തിനു ശേഷം തിരിച്ചു വന്നു, നല്ല സുന്ദരക്കുട്ടപ്പനായി. പ്രവാസി വ്യവസായി സി.പി.സാലിഹിന്റെ വീട്ടിലേക്കു കഴിഞ്ഞ ദിവസം തിരിച്ചെത്തിയതു പഴയ കുട്ടിയാണ് – 1960ൽ വീട്ടിൽനിന്നു യാത്ര പറഞ്ഞ പ്രിയപ്പെട്ട സ്റ്റുഡിബേക്കർ കാർ.

സാലിഹിന്റെ ബാപ്പ ചന്ദനപ്പറമ്പിൽ സി.പി.മുഹമ്മദ് ഡൽഹിയിൽ നിന്നാണ് ഈ അമേരിക്കൻ കാർ വാങ്ങിയത്. 1947ൽ നിർമിച്ച കാർ ഇന്ത്യയിലെത്തിയത് 49ൽ ആയിരിക്കുമെന്നാണു കരുതുന്നത്. പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദാലിയുടെ ഭാര്യാമാതാവിന്റെ കല്യാണത്തിനു വിവാഹസംഘം യാത്ര ചെയ്തത് ഈ കാറിലായിരുന്നു.

CP Muhammed Salih
മുഹമ്മദ് സാലിഹ് കുടുംബത്തിനൊപ്പം

60ൽ സി.പി.മുഹമ്മദ് വിറ്റ കാർ പല കൈമറിഞ്ഞാണു ഡൽഹിലെത്തിയത്. ഡിബിജി 8213 എന്ന പഴയ നമ്പർ അപ്പോഴും മാറിയിരുന്നില്ല. 2400 രൂപയ്ക്കാണ് താൻ കാർ വാങ്ങിയതെന്നു സി.പി.മുഹമ്മദ് ഡയറിയിൽ എഴുതിയിട്ടുണ്ട്. പഴയ നമ്പർ തിരഞ്ഞാണു ഡൽഹിയിൽ കാർ കണ്ടെത്തിയത്.

സാലിഹിന്റെ മകൻ അൻഹർ സാലിഹിനു വിവാഹ സമ്മാനമായി നൽകാനാണ് കാർ വാങ്ങി വലപ്പാട്ടെ വീട്ടിലെത്തിച്ചത്. ചുവന്ന നിറമായിരുന്ന കാർ ഇന്നു നീലയായി. ടോപ്പും പഴക്കംമൂലം നഷ്ടമായി. പഴയ എൻജിൻതന്നെയാണ് ഇപ്പോഴും. മുതിർന്ന പലരും പണ്ടു കാർ കണ്ട ഓർമ പങ്കുവച്ചു. ഇതെല്ലാം സാലിഹിന്റെ കുടുംബം റെക്കോർഡ് ചെയ്തു സൂക്ഷിച്ചിച്ചുണ്ട്. പലരും കാർ തൊടാൻപോലും മറ്റാരെയും അനുവദിച്ചിരുന്നില്ല. എന്നാൽ സി.പി.മുഹമ്മദ് പരിസരത്തുള്ളവരെയെല്ലാം കാറിൽ കയറ്റി.

ഇതിനിടയിലും ഒരു കണ്ണി മാത്രം കണ്ടു കിട്ടിയിട്ടില്ല. തൃശൂരിലെ ഒരു എഴുത്തച്ഛനാണു കാർ വാങ്ങിക്കൊടുത്തതെന്നു സി.പി.മുഹമ്മദ് ഡയറിയിൽ എഴുതിയിട്ടുണ്ട്. ആരായിരുന്നു അതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

English Summary: Mohammad Salih brings back car which he sold 60 years back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com