ADVERTISEMENT

തിരുവനന്തപുരം ∙ കർഷക സമരം പരിഹാരമില്ലാതെ നീണ്ടുപോകുന്നതു രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച കെപിസിസി രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കു ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയണം. പക്ഷേ ഇപ്പോൾ പ്രധാനമന്ത്രി കർഷകരോട് സംവദിക്കാൻ ഭയപ്പെടുകയാണ്. കർഷകരുടെ മനോവീര്യം കെടുത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. പക്ഷേ ഈ വിഷയത്തിൽ കർഷകർ ഒറ്റയ്ക്കായിരിക്കില്ല. ജനങ്ങളെല്ലാം ഒപ്പമുണ്ടാവുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റിൽപറത്തിയുമാണു കേന്ദ്ര സർക്കാർ കർഷക താൽപര്യം പരിഗണിക്കാതെയുള്ള നിയമം പാസാക്കിയതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണ് ഈ നിയമം. കർഷകരെ ദ്രോഹിക്കുന്നതിൽ കേരള സർക്കാരും കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണ്. ചങ്ങാത്ത മുതലാളിത്ത മൂലധനശക്തികളുമായിട്ടാണ് മുഖ്യമന്ത്രിക്കു ബന്ധമെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പി.സി.ചാക്കോ, അടൂർ പ്രകാശ് എംപി, എഐസിസി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, പി.വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. മ്യൂസിയം ജംക്‌ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള നൂറു കണക്കിനു പ്രവർത്തകർ അണിനിരന്നു.

English Summary: Oommen Chandy against prime minister on farmers protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com