ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ എത്താൻ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതുകൂടി വിലയിരുത്തിയാവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കേരളത്തിലാണ്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ 3,081 കേസുകൾ. മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ ആയിരത്തിൽ താഴെയായിട്ട് ആഴ്ചകൾ കഴിഞ്ഞു. കർണാടക–745, പശ്ചിമ ബംഗാൾ–589, തമിഴ്നാട്–589 എന്നിങ്ങനെയാണു യഥാക്രമം 3 മുതൽ 5 വരെ സ്ഥാനങ്ങളിലുള്ളത്. പ്രതിദിന മരണ നിരക്കിൽ മഹാരാഷ്ട്രയ്ക്കു താഴെ രണ്ടാം സ്ഥാനത്താണു കേരളം. കോവിഡ് മുക്തരാകുന്നവരുടെ എണ്ണം കൂടുതലായതിനാൽ ചികിത്സാസംവിധാനങ്ങൾ വെല്ലുവിളി നേരിടുന്നില്ല.

ആന്റിജൻ പരിശോധനയിൽ ഉറച്ചു നിന്നതും ജനസാന്ദ്രതയുമാണു കേരളത്തെ വൈറസ് വ്യാപനത്തിൽ മുന്നിൽ നിർത്തുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ആന്റിജൻ പരിശോധനയിൽ കൃത്യമായ ഫലം ലഭിക്കില്ല. നെഗറ്റീവ് ആകുന്നവരിൽ നല്ലൊരു ഭാഗം പോസിറ്റീവ് ആയിരിക്കും. അതറിയാതെ അവർ സമൂഹവുമായി ഇടപഴകുമ്പോൾ വൈറസ് വ്യാപനം ഉണ്ടാകും. മറ്റു സംസ്ഥാനങ്ങൾ കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുന്ന ആർടിപിസിആർ പരിശോധനയിലാണു ശ്രദ്ധ നൽകുന്നത്. കേരളത്തിൽ ആകെ പരിശോധനയി‍ൽ 20% മാത്രമേ ആർടി പിസിആർ ഉള്ളൂ.

വീഴ്ച സാമൂഹിക അകലത്തിൽ

അകലം പാലിക്കുന്നതിൽ വീഴ്ച പറ്റിയതാണു കേരളത്തിൽ കോവിഡ് കേസുകൾ കാര്യമായി വർധിക്കാൻ കാരണമെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ്, ഉത്സവ സീസൺ എന്നിവ കേസുകൾ വർധിക്കാൻ ഇടയാക്കി. 

‘ഇപ്പോഴത്തെ പ്രതിദിന കണക്കിൽ ആശങ്കപ്പെടേണ്ടതില്ല. ആകെ മരണനിരക്ക് ഉയരാത്തതു കേരളത്തിന്റെ നേട്ടമാണ്.’

രാജീവ് സദാനന്ദൻ, മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേഷ്ടാവ്

Content Highlights: Covid to continue till July in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com