ADVERTISEMENT

കണ്ണൂർ ∙ സിപിഎമ്മിൽനിന്നു പിടിച്ചെടുത്ത് 2 തവണ വിജയിച്ച അഴീക്കോട് സീറ്റിൽ ഇത്തവണ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎൽഎ മത്സരിക്കില്ല. അഴീക്കോട്, കണ്ണൂർ സീറ്റുകൾ വച്ചുമാറണമെന്ന നിർദേശം അനൗദ്യോഗികമായി ലീഗ് കോൺഗ്രസിനു മുന്നിൽ വച്ചു. കണ്ണൂർ ലഭിച്ചാൽ ഷാജി മത്സരിക്കും. വച്ചുമാറ്റമില്ലെങ്കിൽ ഷാജി കാസർകോട് മണ്ഡലത്തിൽ മത്സരിച്ചേക്കും. 

തിരഞ്ഞെടുപ്പു വിജയം കേസുകൾക്കും ആരോപണങ്ങൾക്കുമെതിരായ മറുപടിയാകുമെന്നതിനാൽ സുരക്ഷിത മണ്ഡലത്തിൽ ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണു ലീഗിലുള്ളത്. ഷാജിയുടെ സ്ഥാനാർഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസർകോട്ട് ലീഗ് മത്സരിക്കുന്ന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം.

2006 ൽ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011 ൽ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ൽ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയർത്തി. കടുത്ത പോരാട്ടത്തിലൂടെയാണു 2 തവണയും മണ്ഡലം പിടിച്ചതെന്നും ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള സ്ഥാനാ‍ർഥിക്കേ ഇനി ഇവിടെ വിജയിക്കാനാകൂവെന്നുമാണു ലീഗ് വാദം. 2014 ലും 19 ലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ കെ.സുധാകരൻ ലീഡ് നേടിയിരുന്നു.

ന്യൂനപക്ഷ വിഭാഗത്തിനു കൂടുതൽ സ്വാധീനമുള്ള കണ്ണൂർ മണ്ഡലത്തിൽ ലീഗ് മത്സരിക്കുകയും കോൺഗ്രസ് അഴീക്കോട്ട് മത്സരിക്കുകയും ചെയ്താൽ ഇരു മണ്ഡലങ്ങളും നിഷ്പ്രയാസം ജയിക്കാമെന്നാണു ലീഗിന്റെ ഫോർമുല. എന്നാൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വീണ്ടും മത്സരിക്കാനിടയുള്ള കണ്ണൂർ വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. 2016 ൽ നിന്നു വ്യത്യസ്തമായി പാച്ചേനിക്കുള്ള സ്വീകാര്യതയും കോർപറേഷനിൽ യുഡിഎഫ് നേടിയ വിജയവും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. മാറ്റം സാധ്യമായില്ലെങ്കിൽ അഴീക്കോട്ട് ലീഗിന്റെ പുതിയ സ്ഥാനാ‍ർഥി വരും. എങ്കിൽ ഉറച്ച മണ്ഡലമായ കാസർകോട്ടേക്കാകും ഷാജി നിയോഗിക്കപ്പെടുക. 

ഷാജിയുടെ താൽപര്യം ലീഗ് നേതൃത്വം ആരാഞ്ഞിട്ടുണ്ട്. എങ്കിൽ ഇവിടെ 2 തവണ വിജയിച്ച എൻ.എ. നെല്ലിക്കുന്ന് വിട്ടുനിൽക്കുകയോ, മഞ്ചേശ്വരത്തേക്കു മാറുകയോ ചെയ്യാം. ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയുടെ പേരും കാസർകോട്ട് ഉയർന്നിരുന്നു. സാമ്പത്തിക വഞ്ചനാക്കേസിൽ ജയിലിൽ കഴിയുന്ന എം.സി. കമറുദ്ദീൻ എംഎൽഎയ്ക്കു വീണ്ടും സീറ്റ് ലഭിക്കാനിടയില്ല. ഇവിടെ നെല്ലിക്കുന്നിനെ പരിഗണിക്കുന്നില്ലെങ്കിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫിനാണു സാധ്യത.

Content Highlights: KM Shaji to change Azhikode constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com