ADVERTISEMENT

തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 55.89 ലക്ഷം രൂപ. പങ്കാളിത്ത പെൻഷൻ തൊഴിലാളി വിരുദ്ധമെന്നു വാദിച്ചിരുന്ന ഇടതു നേതാക്കൾ അധികാരത്തിൽ വന്നശേഷം 5 സ്ഥാപനങ്ങളിൽ ഇതു നടപ്പാക്കുകയും ചെയ്തു.

നിയമസഭയിൽ എം.വിൻസന്റിന്റെ ചോദ്യത്തിനു മന്ത്രി തോമസ് ഐസക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. കണ്ണൂർ സർവകലാശാല, ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്, സംസ്ഥാന ലൈബ്രറി കൗൺസിൽ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളിലാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്.2018 നവംബർ 7നാണ് പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിനു 3 അംഗ സമിതിയെ വച്ചത്. ഇതുവരെ ഇടക്കാല റിപ്പോർട്ട് പോലും നൽകിയിട്ടില്ല. 2013 ഏപ്രിൽ ഒന്നിനാണ് കേരളത്തിൽ പദ്ധതി നടപ്പാക്കിയത്. 

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർ‍ഡിഎ) അംഗീകരിച്ചിട്ടുള്ള പെൻഷൻ ഫണ്ടുകളിൽ ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം നിക്ഷേപിക്കണമെന്നാണു വ്യവസ്ഥ. ഫണ്ട് നിക്ഷേപത്തിനു നിയമ സാധൂകരണം ലഭിക്കണമെങ്കിൽ അക്കാര്യം വ്യക്തമാക്കുന്ന വിജ്ഞാപനം വേണം. കഴിഞ്ഞ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നില്ല. അതിനാൽ ഈ സർക്കാരിനു താൽപര്യം ഉണ്ടായിരുന്നെങ്കിൽ പദ്ധതിയിൽ നിന്നു പിന്മാറാമായിരുന്നു. അതു ചെയ്താൽ സർക്കാരും ജീവനക്കാരും ഇതുവരെ നിക്ഷേപിച്ച തുക തിരികെ ലഭിക്കാൻ നിയമ തടസ്സവുമില്ലായിരുന്നു. ധനവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ, വിജ്ഞാപനം പുറപ്പെടുവിക്കാത്തു ശരിയല്ലെന്നു പുനഃപരിശോധനാ സമിതി അംഗങ്ങളാണു ചൂണ്ടിക്കാട്ടിയത്. 

വകുപ്പാകട്ടെ സമിതി നിർദേശം നടപ്പാക്കി. വിവരം പുറത്തുവന്നപ്പോൾ കോടതി വ്യവഹാരങ്ങളുടെ ഭാഗമായാണു വിജ്ഞാപനമെന്നാണു മന്ത്രി ഐസക്ക് വാദിച്ചത്. 

Content Highlights: Contributory pension Kerala 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com