ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിയെ ഉൾപ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെ. സ്പ്രിൻക്ലർ തയാറാക്കിയ കരാർരേഖ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കിയതിലൂടെ പൊതുജനങ്ങളുടെ വിവരങ്ങൾക്കുമേൽ കമ്പനിക്കു സമ്പൂ‍ർണ അവകാശം നൽകുന്ന സ്ഥിതിയുണ്ടായെന്നും വിദഗ്ധസമിതിയുടെ റിപ്പോർട്ടിലുണ്ട്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു മൂന്നാം തവണയാണ് റിപ്പോർട്ട് നൽകാൻ പൊതുഭരണ വകുപ്പു തയാറായത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായ് എന്നിവരുടെ സമിതിതന്നെ ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറായിരുന്നില്ല.

പരിമിത വിവരങ്ങൾ നൽകി സി–ഡിറ്റ്

1200-sprinklr-data-2

സ്പ്രിൻക്ലറിലേക്കു വിവരങ്ങൾ എത്തിത്തുടങ്ങിയ 2020 മാർച്ച് 25 മുതലുള്ള സെർവർ വിവരങ്ങൾ സൈബർ സുരക്ഷാ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും സി–ഡിറ്റ് നൽകിയത് ഏപ്രിൽ 3 മുതൽ 19 വരെയുള്ള പരിമിതമായ വിവരങ്ങൾ. ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്കു വിവരം കൈമാറിയത് കേന്ദ്ര ഐടി വകുപ്പിനു കീഴിലെ എസ്ടിക്യുസി (സ്റ്റാൻഡേഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നടത്തിയ പരിശോധനയിൽ കണ്ടെത്തിയെങ്കിലും സി–ഡിറ്റ് നൽകിയ വിവരങ്ങൾ പരിമിതമായതിനാൽ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചില്ല. അതിനാൽ സ്വകാര്യത, രഹസ്യാത്മകത, വിവരസുരക്ഷ എന്നീ വിഷയങ്ങളിൽ നിഗമനങ്ങളിലെത്താൻ കഴിയുന്നില്ലെന്നും സമിതി പറയുന്നു. 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രിൽ ആദ്യ ആഴ്ച വരെ സ്പ്രിൻക്ലറിന്റെ അക്കൗണ്ടിലെത്തിയത്.

ഒന്നുമറിഞ്ഞില്ലെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് പ്രതിരോധ കാര്യങ്ങൾ ആരോഗ്യ വകുപ്പിനു കീഴിലാണെന്നും ഐടി വകുപ്പ് സഹായി മാത്രമായിരിക്കണമെന്നും ഫയലിൽ എഴുതിയിരുന്നെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ സമിതിയെ അറിയിച്ചു. സ്പ്രിൻക്ലർ സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചർച്ച നടന്നിട്ടില്ല.

1200-sprinklr-data-1

സ്പ്രിൻക്ലറുമായി ചർച്ച നടത്തിയത് ഐടി വകുപ്പ് ഉന്നതരുടെ അനൗദ്യോഗിക സംഘമാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഒരു യോഗത്തിന്റെ പോലും മിനിറ്റ്സ് വിദഗ്ധസമിതിക്കു ലഭ്യമാക്കിയില്ല.

സമിതിയുടെ കണ്ടെത്തലുകൾ

∙ കരാർ നടപ്പാക്കിയവർക്കു സാങ്കേതിക – നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല. കരാർ വ്യവസ്ഥകൾ ദുരുപയോഗ സാധ്യതയുള്ളത്.

∙ മുഖ്യമന്ത്രി പോലുമറിയാതെ കരാർ ഒപ്പിട്ടതു സംസ്ഥാന താൽപര്യത്തിനു വിരുദ്ധം.

∙ പ്ലാറ്റ്ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല.

∙ യുഎസിലെ കോടതിയുടെ പരിധിയിലായതിനാൽ സ്പ്രിൻക്ലറിനെതിരെ നടപടി ദുഷ്കരം.

English Summary: Arrival of sprinklr without knowledge of chief minister says expert committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com