ADVERTISEMENT

ന്യൂഡൽഹി ∙ വിദ്യാഭ്യാസ സ്കോളർഷിപ് ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നീതിപൂർവം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്ന് കത്തോലിക്കാ സഭയിലെ കർദിനാൾമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം സംരക്ഷിച്ചുകൊണ്ടുള്ള നടപടികളാണു വേണ്ടതെന്നു കർദിനാൾമാർ പറഞ്ഞു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് െചയ്തു. മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുൻകയ്യെടുത്താണ് ചർച്ച സംഘടിപ്പിച്ചത്. യാക്കോബായ, ഓർത്തഡോക്സ് സഭാനേതൃത്വങ്ങളുമായി താൻ നടത്തിയ ചർച്ചയെ മുഖ്യമന്ത്രിയും അഭിനന്ദിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിൽ പരിസ്ഥിതിലോല മേഖലകളിലെ നിയന്ത്രണങ്ങളും മൃഗങ്ങൾ മൂലമുള്ള വിളനാശവും കാർഷിക മേഖലയെയും ജനജീവിതത്തെയും ബാധിക്കുന്നുവെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഇക്കാര്യം പഠിക്കാൻ നിർദേശിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കർഷക സമരത്തിനു പരിഹാരമുണ്ടാക്കണമെന്ന് കർദിനാൾമാർ പറഞ്ഞപ്പോൾ, കർഷകർക്കു ഗുണകരമല്ലാത്തതായി എന്താണ് പുതിയ നിയമങ്ങളിലുള്ളതെന്ന്  തന്നെ അറിയിക്കണമെന്നും  ബോധ്യപ്പെട്ടാൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തയാറാണെന്നും മോദി പറഞ്ഞു.

ദലിത് ക്രൈസ്തവ ഉന്നമനത്തിനു നടപടികൾ വേണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. മതത്തിന്റെ പേരിൽ മാത്രം അവരെ മാറ്റിനിർത്തരുത്. മതമല്ല, പിന്നാക്കാവസ്ഥയാണു പരിഗണിക്കേണ്ടതെന്നു കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. എല്ലാവരുടെയും ഉന്നമനത്തിനുള്ള നടപടികൾക്കാണു താനും താൽപര്യപ്പെടുന്നതെന്നും 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയപ്പോൾ പ്രക്ഷോഭമുണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ജയിലിലാക്കപ്പെട്ട ഫാ.സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി തീർത്തും മോശമാണെന്നും പ്രായാധിക്യം കൂടി കണക്കിലെടുത്ത് മോചനത്തിനു നടപടി വേണമെന്നും കർദിനാൾമാർ ആവശ്യപ്പെട്ടു. എന്നാൽ, അന്വേഷണ ഏജൻസിയുടെ നടപടികളിൽ ഇടപെടാൻ സർക്കാർ താൽപര്യപ്പെടുന്നില്ലെന്നായിരുന്നു മറുപടി.

കാരിത്താസിന്റെ വിവിധ ഏജൻസികളിലൂടെ കോവിഡ് കാലത്ത് ഇതിനകം സഭ 150 കോടിയിലേറെ രൂപ സേവനപ്രവർത്തനങ്ങൾക്കു ചെലവഴിച്ചിട്ടുണ്ടെന്ന് കർദിനാൾ ക്ലീമീസ് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രതിസന്ധിയുണ്ടാക്കരുതെന്നു കർദിനാൾമാർ പറഞ്ഞു. നയം മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ചട്ടങ്ങളുണ്ടാക്കുമ്പോൾ ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു പാർട്ടിയോടും തൊട്ടുകൂടായ്മയില്ല: മാർ ആലഞ്ചേരി

ന്യൂഡൽഹി ∙ ഒരു പാർട്ടിയോടും കത്തോലിക്കാ സഭയ്ക്കു തൊട്ടുകൂടായ്മയില്ലെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 

സഭയ്ക്കു രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. നിർണായക തീരുമാനങ്ങളെടുക്കേണ്ടത് വ്യക്തികളാണ്. സമുദായം ഒന്നിച്ചല്ല – മാർ ആലഞ്ചേരി പറഞ്ഞു.

English Summary: Bishops meets prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com