ADVERTISEMENT

ന്യൂഡൽഹി ∙  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട, തന്ത്ര രൂപീകരണ സമിതിക്ക് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത് കേരളത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പൂർണ ചുമതല. സ്ഥാനാർഥി നിർണയം, പ്രചാരണം എന്നിവയ്ക്കായി മറ്റു സമിതികളും രൂപീകരിക്കുമെങ്കിലും അവയുടെയെല്ലാം നിയന്ത്രണവും മേൽനോട്ടവും ഉമ്മൻ ചാണ്ടിക്കും സംഘത്തിനുമായിരിക്കും.

തിരഞ്ഞെടുപ്പിൽ മത, സമുദായ സംഘടനാ നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടതും സമിതിയുടെ ചുമതലയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ പാർട്ടി നടത്തുന്ന ഒരുക്കങ്ങൾ ഹൈക്കമാൻ‍ഡിനെ അറിയിക്കേണ്ട ഉത്തരവാദിത്തം സമിതിയിലുള്ള ദേശീയ ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലിനും താരിഖ് അൻവറിനുമാണ്. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കേണ്ട ചുമതലയും ഇവർക്കായിരിക്കും.

കോൺഗ്രസിന്റെ കൂട്ടായ നേതൃത്വത്തിന്റെ പ്രതിഫലനം എന്ന നിലയിലാണു സമിതി അംഗങ്ങളെ നിശ്ചയിച്ചതെന്നും സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും ജനകീയ മുഖമെന്ന നിലയിലാണ് ഉമ്മൻ ചാണ്ടിയെ അധ്യക്ഷ പദവിയിലേക്കു പരിഗണിച്ചതെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. 

നിലവിലെയും മുൻപത്തെയും സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തി രൂപം നൽകിയ സമിതിയിൽ ശശി തരൂരിനെ മാത്രമാണ് പുറമേ നിന്നെടുത്തത്.  രാഷ്ട്രീയ നേതാവെന്നതിനു പുറമേ തരൂരിനുള്ള രാജ്യാന്തര പ്രതിഛായ കൂടി പരിഗണിച്ചാണു അദ്ദേഹത്തെ ഉൾപ്പെടുത്തിയത്.

തെളിഞ്ഞ് ആന്റണി ടച്ച്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഒരുക്കങ്ങളിൽ സജീവ ഇടപെടലുമായി മുതിർന്ന നേതാവായ   എ.കെ. ആന്റണി. 

സംസ്ഥാന നേതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിനു മുന്നിലെത്തിയ ആന്റണി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള ചർച്ചയിലുടനീളം ക്രിയാത്മക നിർദേശങ്ങൾ നൽകി. ഭൂരിപക്ഷം സീറ്റുകളിലും ജയസാധ്യതയുള്ള പുതുമുഖങ്ങളെ അണിനിരത്തണമെന്ന അദ്ദേഹത്തിന്റെ നിർദേശം രാഹുൽ അംഗീകരിച്ചു.

English Summary: Congress assembly election committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com