ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കമാൻഡ് എടുത്ത തീരുമാനം അംഗീകരിച്ചു കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒരു മനസ്സായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു സമിതി രൂപീകരിച്ചതിനോടു താനും ഐ ഗ്രൂപ്പും വിയോജിക്കുന്നു എന്ന പ്രചാരണം പൂർണമായും ചെന്നിത്തല തള്ളി.‘‘കോൺഗ്രസിന്റെ തല മുതിർന്ന നേതാവാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ നേതൃത്വം അനിവാര്യമാണ്. പാർട്ടിയുടെ ഏകലക്ഷ്യം യുഡിഎഫ് തിരിച്ചു വരിക എന്നതാണ്’’ – ചെന്നിത്തല വ്യക്തമാക്കി.

കേരളം 5 വർഷം ഭരിച്ചു മുടിച്ച പിണറായി സർക്കാർ തിരിച്ചു വരണമെന്നു ജനം ആഗ്രഹിക്കുന്നില്ല. വീണ്ടും പിണറായി ഭരണം വന്നാലുള്ള ആശങ്കയിലാണ് ജനങ്ങൾ. യുഡിഎഫിന്റെ അഭിമാനകരമായ തിരിച്ചു വരവാണു ലക്ഷ്യം. 5 വർഷവും ഉമ്മൻ ചാണ്ടി പ്രതിപക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി നേതൃനിരയിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹവുമായി ആലോചിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല. യോഗം പോലും നടന്നിട്ടില്ല – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉമ്മൻചാണ്ടി ചുമതല വഹിക്കുന്ന ആന്ധ്രയിലെ തോൽവി സംബന്ധിച്ച ചോദ്യം ചെന്നിത്തല തള്ളി. ആന്ധ്രയിലെ രാഷ്ട്രീയ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തന്നെ സർക്കാർ വന്നിട്ടുണ്ടല്ലോ – ചെന്നിത്തല ചോദിച്ചു.

‘‘ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി ഒരു സംസ്ഥാനത്തും കോൺഗ്രസ് തിരഞ്ഞെടുപ്പു നേരിടാറില്ല. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയും ഞാനും മത്സരിച്ചല്ലോ, അന്നു ഞാൻ‍ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞത്. 

എൽഡിഎഫിൽ പിണറായിയും വിഎസും മത്സരിച്ചില്ലേ? ഞങ്ങളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് ആരും കരുതേണ്ട. ആ മനപ്പായസം ഉണ്ണേണ്ട’’ – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായ ‍താനും ഉപനേതാവായ എം.കെ.മുനീറും സഭയിൽ ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തുവെന്നു മുനീറിന്റെ സാന്നിധ്യത്തിൽ ചെന്നിത്തല പറഞ്ഞു. ആ പ്രതിപക്ഷ പ്രവർത്തനത്തിനു ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അംഗീകാരം നൽകും. 

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്നതു ശരിയാണ്. സത്യത്തിൽ അതു നന്നായി. അത് ഒരു ഷോക്കാണ്. പ്രവർത്തകർ ഇപ്പോൾ വസ്തുതകൾ തിരിച്ചറിഞ്ഞു നീങ്ങുന്നു.

താനോ മുല്ലപ്പള്ളി രാമചന്ദ്രനോ ഉമ്മൻചാണ്ടിയോ മത്സരിക്കുന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. കൽപറ്റയിൽ മുല്ലപ്പള്ളി മത്സരിച്ചാൽ എതിർക്കുമെന്നു ജില്ലാ യുഡിഎഫ് പറഞ്ഞില്ല.  മുസ്‌ലിം ലീഗിൽ പല നേതാക്കൾ ഉണ്ടല്ലോ. ആരെങ്കിലും പറഞ്ഞതാകും. ലീഗിന് അങ്ങനെ തീരുമാനമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ യാത്ര രാഹുൽ  ഉദ്ഘാടനം ചെയ്തേക്കും

ന്യൂഡൽഹി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഈ മാസം 31നു കാസർകോട്ട് നിന്നാരംഭിക്കുന്ന യുഡിഎഫ് പ്രചാരണ യാത്രയുടെ ഉദ്ഘാടകനായി രാഹുൽ ഗാന്ധിയെ രംഗത്തിറക്കുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. 

തന്റെ മണ്ഡലമായ വയനാട്ടിൽ അടുത്തയാഴ്ച രാഹുൽ സന്ദർശനം നടത്തിയേക്കുമെന്നും അതിനൊപ്പം ഉദ്ഘാടനച്ചടങ്ങിലും പങ്കെടുത്തേക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇതു സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. 

Content Highlights: No clash in congress: Ramesh Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com