ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിര‍ഞ്ഞെടുപ്പു മേൽനോട്ടത്തിനായി ഉമ്മൻ ചാണ്ടി അധ്യക്ഷനായി രൂപീകരിച്ച സമിതി ജില്ലാ തലത്തിലേക്കും വ്യാപിപ്പിക്കുന്നു. എംപിയോ മുതിർന്ന നേതാവോ അധ്യക്ഷനായി ജില്ലകളിലും മേൽനോട്ട സമിതി രൂപീകരിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

കേന്ദ്ര നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത് നടന്ന ചർച്ചയിലാണ് ഈ തീരുമാനം.

തിരഞ്ഞെടുപ്പ് ഏകോപനം, പ്രചാരണം, പ്രശ്നപരിഹാരം എന്നീ 3 ചുമതലകളാണു ജില്ലാതല സമിതികൾക്കുള്ളത്. സമിതിയുടെ ഘടന മിക്ക ജില്ലകളിലും തയാറായി. ഓരോ ജില്ലയിലെയും പ്രമുഖ നേതാക്കളെ ഇതിൽ ഉൾപ്പെടുത്തും. 

തദ്ദേശ തിര‍ഞ്ഞെടുപ്പു ഫലം, നിയമസഭാ തിര‍‍ഞ്ഞെടുപ്പ് സ്ഥാനാർഥിത്വം എന്നിവയുമായി ബന്ധപ്പെട്ട് ഇതിനകം ഉയർന്നു വന്നതും വരാനിരിക്കുന്നതുമായ പ്രശ്നങ്ങൾ ഈ സമിതി പരിഹരിക്കാൻ ശ്രമിക്കണം. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ‘ഐശ്വര്യ കേരള യാത്ര’ വിജയിപ്പിക്കുന്നതും സമിതിയുടെ ചുമതലകളിൽപ്പെടും.

ഡിസിസികളുടെ ദൗർബല്യങ്ങൾ കൂടി കണക്കിലെടുത്താണു സമാന്തരവും കൂടുതൽ ശക്തവുമായ സംവിധാനത്തിനു രൂപം കൊടുത്തിരിക്കുന്നത്. ഡിസിസികളിൽ മാറ്റം ആലോചിച്ചെങ്കിലും എതിർപ്പാണു കൂടുതൽ. അതേസമയം മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിൽ ആവശ്യമായ മാറ്റം വരുത്തും.

സിറ്റിങ്   എംഎൽഎമാരിൽ വിജയം എത്ര പേർക്ക് ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകുന്നതിൽ  ഉദാരസമീപനം സ്വീകരിച്ച യുഡിഎഫിന് ജയിപ്പിക്കാനായത് 61 % പേരെ.

അതേസമയം, 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ച എൽഡിഎഫ് മത്സരിച്ചവരിൽ 92 % പേരെയും ജയിപ്പിച്ചു. സിപിഎം 14 എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചു. കോൺഗ്രസ് 6 പേർക്കും.  ചെറുപാർട്ടികൾ അവരുടെ എംഎൽഎമാരെ വീണ്ടും സ്ഥാനാർഥിയാക്കി.

ജെ.പി.നഡ്ഡ എത്തുന്നു, ബിജെപിയും ഒരുങ്ങുന്നു

തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കോവിഡ് ബാധിച്ചതു മൂലം നേതൃയോഗങ്ങൾ രണ്ടാഴ്ച വൈകിയെങ്കിലും തിരഞ്ഞെടുപ്പിന് വിപുലമായ ഒരുക്കങ്ങൾ നടത്തുകയാണ് ബിജെപി നേതൃത്വം. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിൽ 3നും 4നും സംസ്ഥാന കോർ കമ്മിറ്റിയുൾപ്പെടെ നേതൃയോഗങ്ങൾ ചേരും. ദേശീയ അധ്യക്ഷനെ പങ്കെടുപ്പിച്ച് 3ന് തിരുവനന്തപുരത്തും 4ന് എറണാകുളത്തും പൊതുയോഗങ്ങളും സംഘടിപ്പിക്കും. 

സംസ്ഥാന കമ്മിറ്റിയോഗം 29ന് തൃശൂരിൽ ചേരുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽ എന്നിവർ പങ്കെടുക്കും. 2 ദിവസത്തെ പര്യടനത്തിനിടെ ദേശീയ അധ്യക്ഷൻ കേരളത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചെത്തിയവരുടെ യോഗത്തിലും മുഴുവൻസമയ പ്രവർത്തകരുടെയും നിയോജകമണ്ഡലം ഭാരവാഹികളുടെയും യോഗത്തിലും പങ്കെടുക്കുന്നുണ്ട്. 

ബിജെപി അഖിലേന്ത്യാ നേതൃത്വം ഏർപ്പെടുത്തിയ, ബെംഗളൂരു ആസ്ഥാനമായ ഏജൻസികൾ മണ്ഡലങ്ങളിൽ 2 ഘട്ട സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

മണ്ഡലങ്ങളുടെ രാഷ്ട്രീയ സ്വഭാവം, സാമുദായിക ശക്തി കണക്കുകൾ എന്നിവയാണ് ഒരു സർവേ. സ്ഥാനാർഥി സാധ്യതകളായിരുന്നു രണ്ടാമത്തെ സർവേ. ഇൗ 2 റിപ്പോർട്ടുകളും പരിഗണിച്ച ശേഷം ഫെബ്രുവരി ആദ്യവാരം തിരഞ്ഞെടുപ്പു സമിതി ചേരും.

സിഎംപി 3 സീറ്റ് ആവശ്യപ്പെടും

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 3 സീറ്റ് ആവശ്യപ്പെടാൻ സിഎംപി. 2011 ൽ കുന്നംകുളം, നെന്മാറ, നാട്ടിക സീറ്റുകളിൽ മത്സരിച്ച സിഎംപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണു നൽകിയത്. കുന്നംകുളത്തിനു പകരം സി.പി.ജോണിനു മത്സരിക്കാൻ ജയസാധ്യതയുള്ള മണ്ഡലം, തൃശൂരിലെ നാട്ടിക അല്ലെങ്കിൽ കണ്ണൂർ ജില്ലയിൽ ഒരു മണ്ഡലം, നെന്മാറ എന്നിവയാണ് ഇക്കുറി സിഎംപി ആവശ്യപ്പെടുന്നത്.

2011,16 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച കുന്നംകുളത്തിനു പകരം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ജയസാധ്യതയുള്ള മണ്ഡലമാണു സി.പി. ജോണിനായി സിഎംപി ആവശ്യപ്പെടുന്നത്. ഇതിനു മു‌സ്‌ലിം ലീഗിന്റെ പിന്തുണയുമുണ്ട്.

2011ൽ എം.വി. രാഘവൻ മത്സരിച്ച നെന്മാറ സിഎംപിക്കു ലഭിക്കുകയാണെങ്കിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും എംവിആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ.വിജയകൃഷ്ണൻ സ്ഥാനാർഥിയാകും.

എംവിആർ അവസാനമായി മത്സരിച്ച മണ്ഡലമെന്ന വൈകാരിക അടുപ്പം നെന്മാറയോട് ഉണ്ടെന്നും നെന്മാറയില്ലെങ്കിൽ മറ്റെവിടെയും മത്സരിക്കില്ലെന്നുമാണു വിജയകൃഷ്ണന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com