ADVERTISEMENT

തിരുവനന്തപുരം∙എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസി.പ്രഫസർ ആയി നിയമിക്കുന്നതിനു ഭാര്യയുടെ മുൻ അധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതായി ഗവർണർക്കു പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണു പരാതി നൽകിയത്. 30നു ചേരുന്ന സിൻഡിക്കറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകും.

ഷംസീറിന്റെ ഭാര്യക്കു കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തകാലത്തു നൽകിയ നിയമനം വിവാദമാവുകയും കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കാലിക്കറ്റ്‌ സർവകലാശാലയുടെ എജ്യുക്കേഷൻ വകുപ്പിൽ അസി.പ്രഫസർ നിയമനത്തിന് കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന ഇന്റർവ്യൂവിൽ ഒന്നാമത്തെ റാങ്ക് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്കാണ്. രണ്ട് ഒഴിവുകളാണ് വകുപ്പിൽ ഉള്ളത്. ഒന്നാമത്തെ റാങ്ക് മെറിറ്റിലും രണ്ടാം റാങ്ക് മുസ്‌ലിം സംവരണാടിസ്ഥാനത്തിൽ ഷംസീറിന്റെ ഭാര്യക്കുമാണ് നൽകിയതെന്നു പരാതിയിൽ പറയുന്നു.

എഴുപതോളം അപേക്ഷകരിൽ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 38 പേർ ഇന്റർവ്യൂവിന് ഹാജരായി. ഉയർന്ന യോഗ്യതയും ഗവേഷണ പ്രസിദ്ധീകരണങ്ങളും സർവകലാശാലകളിലും കോളജുകളിലും അധ്യയന പരിചയവുമുള്ളവർക്ക് ഇന്റർവ്യൂവിൽ കുറഞ്ഞ മാർക്കു നൽകി റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. ഇതിനെതിരെ തഴയപ്പെട്ട ഉദ്യോഗാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.

ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേൽനോട്ടം വഹിച്ച, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനെയാണ് ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത്. യൂണിവേഴ്സിറ്റി എജ്യുക്കേഷൻ വകുപ്പ് മേധാവി തന്നെ ബോർഡിലുള്ളപ്പോൾ വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധൻ എന്ന നിലയിലാണ് ഉൾപ്പെടുത്തിയത്. 

കാലിക്കറ്റ് സർവകലാശാലയിൽ തിരക്കിട്ടു നടത്തുന്ന അധ്യാപക നിയമനങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും പരിശോധനയ്ക്കു വിധേയമാക്കണമെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും അഭ്യർഥിച്ചു.

English Summary: Irregularities In Appointments Of Shamseer's wife as assistant professor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com