ADVERTISEMENT

തൊടുപുഴ∙ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കെപിസിസി നിർവാഹക സമിതി അംഗം സി.പി. മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിൽ കേരള പര്യടനത്തിന്റെ ഭാഗമായി നടന്ന യോഗത്തിനിടെയാണ് സി.പി. മാത്യു എത്തിയത്. വിവിധ സാമുദായിക നേതാക്കളെയും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും മാത്രമേ ചടങ്ങിൽ ക്ഷണിച്ചിരുന്നുള്ളു. 

CP-Mathew-JPG

സിപിഎം പ്രവർത്തകർ വിവരം നൽകിയതിനെ തുടർന്ന്, സദസ്സിൽ ഇരുന്ന സി.പി. മാത്യുവിനെ പൊലീസ് വേദിക്കു പുറത്തെത്തിച്ചു. ഇവിടെ നിന്നു മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളും പെട്ടിമുടി ദുരന്തബാധിതരോടുള്ള വിവേചനവുമെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് താൻ എത്തിയതെന്ന് ഇദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 

ആർക്കും പ്രവേശിക്കാം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീടാണു ക്ഷണിക്കപ്പെട്ടവർക്കു മാത്രമാക്കിയത്. സിപിഎം നേതാവ് വി.വി. മത്തായിയെ കണ്ട് ആവശ്യമുന്നയിച്ചപ്പോൾ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെ അറിയിച്ച് അനുവാദം വാങ്ങാമെന്നാണു പറഞ്ഞത്. ഇതിനിടെയാണു പൊലീസുകാർ തന്നോടു പുറത്തിറങ്ങാൻ പറഞ്ഞത്. ക്ഷണിക്കപ്പെട്ടവരുടെ മാത്രം മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ലെന്നും സി.പി. മാത്യു പറഞ്ഞു. 

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെത്തി പ്രകോപനപരമായി സംസാരിച്ചപ്പോൾ സംഘർഷ സാധ്യത ഒഴിവാക്കാനായി കരുതൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

മുൻകൂട്ടി അറിയിക്കാതെ എത്തിയതിനാലാണു പുറത്താക്കേണ്ടി വന്നതെന്നും വാർത്ത സൃഷ്ടിക്കുക മാത്രമായിരുന്നു സി.പി. മാത്യുവിന്റെ ലക്ഷ്യമെന്നും മന്ത്രി എം.എം. മണി പറഞ്ഞു. മുട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. 

English Summary : KPCC member who came to CM Pinarayi Vijayan's programme arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com