ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികളോടൊപ്പം ദുബായ് പൊലീസിനെ 4 ഉദ്യോഗസ്ഥർ കൂടി ജോലി ചെയ്യുന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാനൊരുങ്ങിയ മലയാളി ഉദ്യോഗസ്ഥനെ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി പുറത്താക്കിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി.

കോൺസുലേറ്റിലെ പിആർഒയായിരുന്ന കോഴിക്കോടു സ്വദേശിയെ പുറത്താക്കാനും പകരം സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തിനെ അതേ പദവിയിൽ നിയമിക്കാനും ചരടുവലിച്ചതു ജമാലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷാണെന്നും എൻഐഎ കണ്ടെത്തി.

കോൺസുലേറ്റിലെ രഹസ്യവിവരങ്ങൾ ചോർത്തിയെന്നു കാണിച്ചാണു കോഴിക്കോടു സ്വദേശിയെ കോൺസൽ ജനറൽ പുറത്താക്കിയത്. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കു പുറമേ ദുബായ് പൊലീസിനെ 4 ഉദ്യോഗസ്ഥരായ അബ്ദുല്ല ഖാനിം അൽ അറൈ, സുൽത്താൻ സയീദ് അൽ ഷംസി, ഇബ്രാഹിം റഷീദ് അൽ നുഅയിമി, അഹമ്മദ് അൽ ദൗഖി എന്നിവരും ജോലി ചെയ്യുന്നതായുള്ള വിവരം കേന്ദ്ര ഏജൻസികളെ അറിയിക്കാൻ ശ്രമിച്ചതാണു ജമാൽ ഹുസൈൻ അൽ സാബിയെ ചൊടിപ്പിച്ചത്. കോവിഡ് കാലത്ത് ജമാലിനൊപ്പം 4 പൊലീസ് ഉദ്യോഗസ്ഥരും യുഎഇയിലേക്കു മടങ്ങി. 

കോൺസുലേറ്റ് ഓഫിസും വാഹനങ്ങളും നയതന്ത്രപരിരക്ഷയും മറയാക്കി 22 തവണയായി 167 കിലോഗ്രാം സ്വർണമാണു സ്വപ്നയും കൂട്ടാളികളും കടത്തിയത്. ഇതിൽ 20 തവണ സ്വർണം കടത്തിയപ്പോഴും ജമാൽ ഹുസൈൻ കോൺസുലേറ്റിലുണ്ടായിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപു തന്നെ സ്വപ്നയെയും സരിത്തിനെയും കോൺസുലേറ്റിലെ പദവികളിൽ നിന്നു മാറ്റിനിർത്തിയതും ജമാലിന്റെ അതിബുദ്ധിയാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. പദവികളിൽ നിന്നു മാറ്റിനിർത്തിയ ഘട്ടത്തിലും കോൺസുലേറ്റിൽ അതുവരെ അവർ ചെയ്തിരുന്ന മുഴുവൻ ഉത്തരവാദിത്തങ്ങളും തുടർന്നും നിറവേറ്റുന്നതിനു സ്വപ്നയ്ക്കും സരിത്തിനും കോൺസൽ ജനറൽ പ്രതിഫലം നൽകിയിരുന്നു.

ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാറിൽ ഇടപെടാനും യുഎഇ റെഡ്ക്രസന്റ് ജീവകാരുണ്യ സംഘടന സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതിക്കു നൽകിയ 18 കോടി രൂപയുടെ 26% കമ്മിഷനായി വാങ്ങാനും സ്വപ്ന വഴി ഒത്താശ ചെയ്തതു ജമാലാണെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എൻഐഎക്കു മൊഴി നൽകിയിട്ടുണ്ട്. യൂണിടാക്കുമായി നിർമാണക്കരാറിൽ ഒപ്പിട്ടതും ജമാലാണ്. 

പദ്ധതിയുടെ നിർമാണക്കരാറിനായി യൂണിടാക് നൽകിയ 4.40 കോടി രൂപയിൽ 3.80 കോടി രൂപ യുഎസ് ഡോളറായി വിദേശത്തേക്കു കടത്താൻ ചരടുവലിച്ചതും ജമാൽ ഹുസൈൻ അൽസാബിയാണ്. 

ആശ്രിതനായിരുന്ന ഖാലിദ് അലി ഷൗക്രിയെന്ന ഈജിപ്ഷ്യൻ പൗരനെ മുന്നിൽ നിർത്തി ലൈഫ് മിഷൻ കമ്മിഷൻ തുക ജമാൽ കൈപ്പറ്റിയതിനു സ്വപ്ന സുരേഷ്, സന്ദീപ് നായർ, പിഎസ്.സരിത്ത്, സന്തോഷ് ഈപ്പൻ എന്നിവർ തെളിവു നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com