ADVERTISEMENT

കോഴിക്കോട്∙ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തുഷാരഗിരി വെള്ളച്ചാട്ടത്തിനു സമീപം  പരിസ്ഥിതി ലോല പ്രദേശം  (ഇഎഫ്‌എൽ) ആയി  വനം വകുപ്പ് ഏറ്റെടുത്ത 24 ഏക്കറോളം ഭൂമി 20 വർഷത്തിനു ശേഷം ഉടമകൾക്ക് വിട്ടുകൊടുക്കാൻ സുപ്രീം കോടതി ഉത്തരവ്. വനം ട്രൈബ്യൂണലിലും ഹൈക്കോടതിയിലും കേസ് പരാജയപ്പെട്ടതിനു പിന്നാലെ സുപ്രീം കോടതിയിലെത്തിയ കേസിൽ സമയപരിധിക്കുള്ളിൽ വാദങ്ങൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉടമകൾക്ക് അനുകൂലമായ വിധി വന്നത്. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്ന ടിക്കറ്റ് കൗണ്ടറിനു മുൻവശത്തുള്ള  ഭൂമി വിട്ടു കൊടുക്കണമെന്ന വിധി വന്നതോടെ എന്തു നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വനം വകുപ്പ്. 

ഇഎഫ്എൽ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ഭൂമി ഏറ്റെടുക്കണമെന്ന നിർദേശമാണ് വനം വകുപ്പിന്റെ മുന്നിൽ ഇനിയുള്ളത്. വിദഗ്ധ സമിതി സ്ഥലം പരിശോധിച്ച്, അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ളതാണെന്നു ബോധ്യപ്പെട്ടാൽ  വില നൽകി ഭൂമി ഏറ്റെടുക്കാം എന്നാണ് ഈ വകുപ്പ് പറയുന്നത്. നടപടികൾ എന്തു വേണമെന്നത് സർക്കാരിന് തീരുമാനിക്കാം എന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു. നേരത്തേ, നഷ്ടപരിഹാരം നൽകേണ്ടതില്ലാത്ത മൂന്നാം വകുപ്പു പ്രകാരമാണ് ഭൂമി എടുത്തത്.  

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ ഈരാറ്റുമുക്ക് വെള്ളച്ചാട്ടവും മഴവിൽ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണ് കോടതി വിധിയിലൂടെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ വനം വകുപ്പ് നിർബന്ധിതരായത്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധുക്കൾക്കും ഇവിടെ ഭൂമിയുണ്ട്. 

 വിവിധ  പ്രദേശങ്ങളിൽ ഇഎഫ്എൽ ആയി കൃഷിഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കുന്നതായുള്ള കർഷകരുടെ ആരോപണവും ഇതോടെ ബലപ്പെടുകയാണ്. കോടതികൾ  അംഗീകരിക്കാത്തൊരു നിയമം  ജനങ്ങൾക്കു മേൽ അടിച്ചേൽപിച്ച് അവരെ കുടിയിറക്കാൻ വനംവകുപ്പ് ശ്രമം തുടരുന്നതെന്തിനാണ്? അതല്ലെങ്കിൽ ആരെയോ സഹായിക്കാൻ വനംവകുപ്പ് കേസിൽ മൃദുസമീപനം കൈക്കൊണ്ടു. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ പ്രദേശത്ത് കൃഷി ഭൂമി ജണ്ട കെട്ടിത്തിരിച്ച് ഏറ്റെടുക്കാൻ ഇപ്പോൾ നോട്ടിസ് നൽകിയ ഭൂമിയും തെങ്ങും കമുകുമൊക്കെ ഉള്ളതാണ് – കർഷകർ ചൂണ്ടിക്കാട്ടുന്നു.  

കോവിഡ് കാലമായതിനാലാണ് സുപ്രീം കോടതിയിലെ നടപടികൾ താമസിച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു. വാദങ്ങൾ സമയത്തിനു സമർപ്പിച്ചിരുന്നെങ്കിൽ പോലും കേസ് വനം വകുപ്പിന് അനുകൂലമായി വരാൻ  സാധ്യത ഇല്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ട്രൈബ്യൂണൽ നിയോഗിച്ച കമ്മിഷന്റെ ഓരോ കണ്ടെത്തലും വനംവകുപ്പിനു തിരിച്ചടിയാണെന്നാണ് അവരുടെ പക്ഷം. വെള്ളച്ചാട്ടത്തോടു ചേർന്നുള്ള ചെറിയൊരു ഭാഗം വനമായി തന്നെ നിലനിർത്തണമെന്ന ഹൈക്കോടതി നിർദേശമാണ് വനം വകുപ്പിന് ആകെയുള്ള ആശ്വാസം.

∙ സുപ്രീം കോടതിയിലെ ഉത്തരവിൽ സർക്കാരിന്റെ വാദം വൈകിയത് കാരണമായി പറയുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, കേസിന്റെ മെറിറ്റും പരിശോധിച്ചുള്ളതാണ്  ഉത്തരവ്.  ട്രൈബ്യൂണലും ൈഹക്കോടതിയും തള്ളിയ കേസ് വിജയിക്കാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കമുകും തെങ്ങും ഈ ഭൂമിയിൽ ഉള്ളതായി ട്രൈബ്യൂണൽ നിയോഗിച്ച അന്വേഷണ കമ്മിഷൻ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. 

- നാഗരാജ് നാരായണൻ, സ്പെഷൽ ഗവൺമെന്റ് പ്ലീഡർ, ഹൈക്കോടതി. 

∙ വനം വകുപ്പിന് അനുകൂല വിധിയല്ല കേസിൽ ഉണ്ടായത്. ഇനി തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. തുടർ നടപടികൾ എന്തു വേണമെന്ന് തീരുമാനിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അഭ്യർഥിച്ചിട്ടുണ്ട്.

-എം.രാജീവൻ, ഡിഎഫ്ഒ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com