ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റിനെപ്പോലെയാണു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗിച്ചതെന്നു സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപിക്കെതിരെ ദുർബലമായ വിമർശനം പോലും ഉന്നയിക്കാൻ തയാറായില്ല. 

ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ ബിജെപിയുടെ അതേ ശബ്ദമായിരുന്നു രാഹുലിനും. പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ്‌ എംഎൽഎമാർക്കു ബിജെപിയിലേക്കു പോകാൻ ഉത്തേജനം നൽകുന്നത്‌ ഈ സമീപനമാണ്.

സംസ്ഥാന സർക്കാരിനെതിരെ രാഹുൽ നടത്തിയ ആക്ഷേപങ്ങൾ തരംതാണതായെന്നു സിപിഎം കുറ്റപ്പെടുത്തി. ഭരണസ്വാധീനം ഉപയോഗിച്ച്‌ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തിന്റെ പേരിൽ നിരന്തരം അന്വേഷണ ഏജൻസികൾക്കു മുൻപിൽ നിൽക്കുന്ന റോബർട് വാധ്‌രയുടെ ചിത്രം രാഹുൽ ഗാന്ധിയുടെ ഓർമയിൽ ഉണ്ടായിരിക്കും.

ഇടതുപക്ഷത്തെ വേട്ടയാടുന്നതിൽ കേന്ദ്ര ഏജൻസികൾക്ക് വേഗം പോരെന്ന വിമർശനമാണ്‌ രാഹുലിന്. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യം എടുത്തു നിൽക്കുന്ന വ്യക്തിയാണ്‌ രാഹുൽ ഗാന്ധി എന്ന് ഓർമിക്കണം. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നു എന്ന ശക്തമായ വിമർശനം നടത്തിയ രാഹുലിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചിൽ ബിജെപിയുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നു സംശയിക്കണം. രാജ്യത്തു വിദേശ ട്രോളറുകൾക്കു കടൽ തീറെഴുതിക്കൊടുത്തത്‌ 1991ൽ കോൺഗ്രസാണ്. 

കൃഷിമേഖലയെ കോർപറേറ്റ്‌ ശക്തികൾക്കു വിട്ടുകൊടുത്ത ഉദാരവൽക്കരണ നയവും കോൺഗ്രസിന്റേതാണ്. അതിനെതിരെ വയനാട്ടിൽ ട്രാക്ടർ റാലി നടത്തിയ രാഹുൽഗാന്ധി സ്വയം പരിഹാസ്യനായെന്നും സിപിഎം ആരോപിച്ചു.

English Summary: CPM slams Rahul Gandhi on Shanghumukham speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com