ADVERTISEMENT

തിരുവനന്തപുരം ∙ വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തീരദേശത്തു രാഷ്ട്രീയത്തിരമാലകൾ ഉയർന്നു തുടങ്ങി. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കരാറിൽനിന്നു സർക്കാർ പിന്മാറിയെങ്കിലും യുഡിഎഫ്  വിടാൻ ഭാവമില്ല. പരുക്കു മാറ്റാൻ എന്തൊക്കെ ചെയ്യാമെന്ന ചർച്ച ഇടതുമുന്നണിയിൽ സജീവമായി. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇടതു നേതാക്കളും എംഎൽഎമാരും കടുത്ത അതൃപ്തിയിലാണ്.

ഇടതുമുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയനയത്തിലും പ്രകടനപത്രികയിലും നിന്നു വ്യക്തമായ വ്യതിചലനമുള്ള കരാറിലാണു സർക്കാർ ഏർപ്പെട്ടത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത  രീതിയിലും സിപിഎം – സിപിഐ നേതാക്കൾക്കു നീരസമുണ്ട്. 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കുന്നതിലേക്ക്  വിവാദം പരിണമിച്ചതിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കു  മാത്രമാണു പങ്ക് എന്ന  മന്ത്രിയുടെ ന്യായം സിപിഐ കേന്ദ്രങ്ങൾ പൂർണമായി തള്ളുന്നു. പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ച മന്ത്രിയുടെ ആദ്യ പ്രതികരണങ്ങളാണ് കൂടുതൽ പടക്കോപ്പുകളുമായി വരാൻ അവരെ പ്രേരിപ്പിച്ചതെന്ന ചിന്ത സിപിഎം നേതാക്കൾക്കുമുണ്ട്.

തീരമേഖലയിൽ നാൽപതോളം നിയമസഭാ മണ്ഡലങ്ങളുണ്ട്. അവിടെനിന്നുള്ള കാറ്റ് ഭാഗികമായി അടിക്കുന്ന പത്തോളം മണ്ഡലങ്ങൾ വേറെ. ഇവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നത് 9 മണ്ഡലങ്ങൾ മാത്രം. 2016ൽ വൻ കുതിപ്പു നടത്താൻ എൽഡിഎഫിനു ഗണ്യമായ സംഭാവന ചെയ്തവരാണു തീരജനത. മുന്നണിയുടെയും സർക്കാരിന്റെയും വിശ്വാസ്യത അവർക്കു മുന്നിൽ ചോദ്യം ചെയ്യപ്പെട്ട നിലയായി.

പ്രതികൂല  ജീവിതസാഹചര്യങ്ങളോടു പടവെട്ടി ജീവിക്കുന്ന ആ വിഭാഗം അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തെ സ്പർശിക്കുന്ന കാര്യങ്ങളിൽ വൈകാരിക നിലപാട് ഉള്ളവരാണ്. ‘സ്നേഹിച്ചാൽ കരൾ കൊടുക്കും, വഞ്ചിച്ചാൽ കരൾ പറിച്ചെടുക്കും’ എന്നു തീരജനതയെ വിശേഷിപ്പിക്കാറുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരദേശ ബെൽറ്റിൽ ക്രിസ്ത്യൻ, മുസ്​ലിം, ഹിന്ദു എന്നീ 3 വിഭാഗക്കാരുമുണ്ട്. ആരാധനാലയങ്ങളും അതിന്റെ ചുമതലക്കാരും ഇവരിൽ ചെലുത്തുന്ന നിർണായക സ്വാധീനത്തെപ്പറ്റിയും രാഷ്ട്രീയ നേതൃത്വങ്ങൾക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കെസിബിസി, കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ എന്നിവയുടെയും  തിരുവനന്തപുരം അതിരൂപത മുൻ വികാരി ജനറൽ ഫാ. യൂജിൻ പെരേരയുടെയും രൂക്ഷ വിമർശനം ഇടതുമുന്നണിക്കു  കണക്കിലെടുക്കേണ്ടി വരുന്നത്. നാളെ പ്രഖ്യാപിച്ചിരിക്കുന്ന തീരദേശ ഹർത്താലിന് ഈ മേഖലയിലെ ഭൂരിപക്ഷം സംഘടനകളുടെയും പിന്തുണയുണ്ട്.

1200-n-prasanth-j-mercykutty-amma

പ്രതിപക്ഷനേതാവ് പൂന്തുറയിൽ നടത്തിയ സത്യഗ്രഹ സമരത്തിനു പിന്നാലെ ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി’ എന്ന മുദ്രാവാക്യവുമായി ടി.എൻ.പ്രതാപന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ തീരത്തെ മണ്ഡലങ്ങളിലൂടെ യുഡിഎഫ്  ജാഥകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്നു. ആഴക്കടലിൽ ഇറങ്ങി മത്സ്യത്തൊഴിലാളികളെ ചേർത്തു പിടിക്കാൻ രാഹുൽ ഗാന്ധി കാട്ടിയ സാഹസികത അവർക്കിടയിൽ സൃഷ്ടിച്ച ചലനങ്ങളും ചെറുതല്ല.

തീരജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ ആ മേഖലയിലെ പാർട്ടി ഘടകങ്ങളോടും നേതാക്കളോടും സിപിഎം ആവശ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നതിനു മുൻപുതന്നെ തീരം രാഷ്ട്രീയമായി പൊള്ളിത്തുടങ്ങുന്നു.

English Summary: Political wave in Kerala coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com