ADVERTISEMENT

തിരുവനന്തപുരം∙ ദാർശനികതയും ലാളിത്യവും മുഖമുദ്രയാക്കിയ മലയാളത്തിന്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി(81) ഇനി ജ്വലിക്കുന്ന ഓർമ. വ്യാഴാഴ്ച അന്തരിച്ച കവിയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്കു രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ചെറുമക്കളായ ഗൗതം കൃഷ്ണൻ, നാരായണൻ കക്കാട്, ചെറുമകളുടെ മകനായ ദേവപ്രയാഗ് എന്നിവരാണ് അന്ത്യകർമങ്ങൾ ചെയ്തത്.

ഇന്നലെ രാവിടെ എട്ടിനു തൈക്കാട്ടെ വസതിയായ ശ്രീവല്ലിയിൽ നിന്നു മൃതദേഹം സമീപത്തെ ഭാരത് ഭവനിലെത്തിച്ചു പൊതു ദർശനത്തിനു വച്ചു. പ്രമുഖർക്കൊപ്പം കവിയെ ഹൃദയത്തിലേറ്റിയ ആരാധകരും ശിഷ്യരും ഉൾപ്പെടെ നൂറു കണക്കിനു പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എംപി, എംഎൽഎമാരായ ഒ.രാജഗോപാൽ, വി.കെ.പ്രശാന്ത്, കവി പി.നാരായണ കുറുപ്പ്, പ്രഭാവർമ, കെടിഡിസി ചെയർമാൻ എം.വിജയകുമാർ, എഡിജിപി ബി.സന്ധ്യ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

തു‍ടർന്നു ശാന്തി കവാടത്തിൽ എത്തിച്ച് അന്ത്യകർമങ്ങൾ ചെയ്തു. ഭാര്യ സാവിത്രി, മക്കളായ ഡോ.എൻ.അദിതി, അപർണ തുടങ്ങിയവരും ചടങ്ങുകൾക്കു സാക്ഷ്യം വഹിച്ചു.

10 വർഷത്തോളമായി രോഗബാധിതനായിരുന്ന കവി മൂന്ന് അന്ത്യാഭിലാഷങ്ങളാണ് ഉറ്റവരുമായി പങ്കുവച്ചിരുന്നത്. മരിക്കുന്നതു വസതിയായ ശ്രീവല്ലിയിൽ കിടന്നാകണമെന്നും ഭാര്യ അടുത്തുണ്ടാകണമെന്നതുമായിരുന്നു ആദ്യ രണ്ട് അഗ്രഹങ്ങൾ. ആൺ മക്കളില്ലാത്തതിനാൽ ചെറുമക്കളും ചെറുമകളുടെ മകനും ചേർന്നു കർമങ്ങൾ ചെയ്യണമെന്നും പറഞ്ഞേൽപ്പിച്ചു. ആ ആഗ്രഹങ്ങൾ സഫലമാക്കിയാണ് കവിയുടെ മടക്കം. 8 തവണ ഹിമാലയ തീർഥാടനം നടത്തിയിട്ടുള്ള കവി, കാശിയിൽ ‘ആത്മബലി’ സമർപ്പണം നടത്തിയിട്ടുള്ളതിനാൽ ഇനി മറ്റു മരണാനന്തര ചടങ്ങുകളൊന്നും ഇല്ല.

Content Highlights: Vishnu Narayanan Namboothiri funeral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com