ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയ ചർച്ച കോൺഗ്രസ് ഔദ്യോഗികമായി തുടങ്ങി. സംസ്ഥാന തിരഞ്ഞെടുപ്പു സമിതി ചേർന്ന ശേഷം അംഗങ്ങളിൽനിന്നു നിർദേശങ്ങൾ ശേഖരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ പ്രത്യേകമായി കണ്ടാണ് അംഗങ്ങൾ നിർദേശങ്ങൾ സമർപ്പിച്ചത്. എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, ഇവാൻ ഡിസൂസ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. എത്രയും വേഗം സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കാൻ യോഗം തീരുമാനിച്ചു. 

മത്സരിക്കാനില്ലെന്ന് അധ്യക്ഷപ്രസംഗത്തിൽതന്നെ മുല്ലപ്പള്ളി വ്യക്തമാക്കി.‘ഞാൻ മത്സരിക്കണമെന്ന അഭിപ്രായം പല ഡിസിസികളും പ്രകടിപ്പിച്ചിട്ടുണ്ട്. കെ.സുധാകരൻ എന്നെ കണ്ണൂരിലേക്കു സ്വാഗതം ചെയ്തു. അതിലെല്ലാം സന്തോഷവും നന്ദിയും ഉണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കുക എന്നതാണ് എന്നിൽ അർപ്പിതമായ കർത്തവ്യം. ആ ചുമതല നിർവഹിക്കാനാണു തീരുമാനം’ – മുല്ലപ്പള്ളി പറ‍ഞ്ഞു.

1980 ൽ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണു താൻ എന്നു പി.സി.ചാക്കോ ചൂണ്ടിക്കാട്ടി. 4 പതിറ്റാണ്ടിനിടയിൽ വീണ്ടും അവസരങ്ങൾ ലഭിച്ചുവെന്നും അതിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കരുതെന്നു ചൂണ്ടിക്കാട്ടി കത്തു നൽകിയതായി പി.ജെ. കുര്യൻ അറിയിച്ചു.

എംപിമാർ, മറ്റു മുതിർന്ന നേതാക്കൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ നിർദേശങ്ങൾ ഇന്നും നാളെയുമായി വാങ്ങും. മറ്റന്നാൾ നേതാക്കൾ ഡൽഹിക്കു പോകാനാണ് ആലോചിക്കുന്നത്.

കോൺഗ്രസ് എംപിമാർ മത്സരരംഗത്ത് ഉണ്ടാകില്ലെന്നു മുല്ലപ്പള്ളി സ്ഥിരീകരിച്ചു. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നത് കെപിസിസിയുടെ മാത്രമല്ല എഐസിസിയുടെ കൂടി തീരുമാനമാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ച 2 ദിവസത്തിനകം പൂർത്തിയാകും. മൂവാറ്റുപുഴ സീറ്റു സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിതന്നെ അവിടെ മത്സരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജോസഫ് – കോൺഗ്രസ് ചർച്ചയിൽ ധാരണയായില്ല

തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (ജോസഫ്) – കോൺഗ്രസ് സീറ്റ് ചർച്ച വീണ്ടും ധാരണയാകാതെ പിരി‍ഞ്ഞു. കോട്ടയം ജില്ലയിൽ ജോസഫ് വിഭാഗത്തിന് എത്ര സീറ്റ് എന്നതിലാണു പ്രധാനമായി തർക്കം തുടരുന്നത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ സീറ്റുകളിൽ ഇരു പാർട്ടികളും അവകാശവാദം തുടരുന്നു. കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകളിൽ തർക്കമില്ല. ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തിൽ സീറ്റ് ധാരണ പ്രഖ്യാപിക്കാനാണു നേതൃത്വത്തിന്റെ ശ്രമം. ചർച്ചയിൽ പുരോഗതി ഉണ്ടെന്നും ഇന്നും തുടരുമെന്നും മോൻസ് ജോസഫ് പ്രതികരിച്ചു.

Content Highlights: Congress candidate discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com