ADVERTISEMENT

തിരുവനന്തപുരം ∙ യുഡിഎഫിൽ കേരള കോൺഗ്രസുമായുള്ള (ജോസഫ്) സീറ്റ് വിഭജന ചർച്ചയിൽ ധാരണയായില്ല. 12 സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ഉറച്ചു നിൽക്കുന്നു; പത്തിൽ താഴെ എന്നു കോൺഗ്രസും. ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് അനുകൂലിച്ചിട്ടില്ല.

ഏതെങ്കിലും സീറ്റ് വിട്ടു നൽകേണ്ടി വന്നാൽ കോൺഗ്രസ് മത്സരിക്കുന്ന മൂവാറ്റുപുഴ കിട്ടണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ ഒരുമിച്ചുനിന്ന സമയത്തു നൽകിയ 15 സീറ്റുകൾ ഇപ്പോൾ ആവശ്യപ്പെടുന്നതിനോടു യോജിപ്പില്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. അതുകൊണ്ടാണ് 3 സീറ്റ് വിട്ടുതന്നതെന്നാണ് കേരള കോൺഗ്രസിന്റെ മറുപടി. ഇടുക്കി, തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, തിരുവല്ല, ഇരിങ്ങാലക്കുട, കുട്ടനാട്, കാഞ്ഞിരപ്പള്ളി അല്ലെങ്കിൽ പൂ‍ഞ്ഞാർ എന്നീ 8 സീറ്റുകൾ കേരള കോൺഗ്രസിനു നൽകാൻ ഏകദേശ ധാരണയായി. മലബാറിൽ ഒരു സീറ്റു കൂടി നൽകിയേക്കും.

എന്നാൽ, കോൺഗ്രസിനും മുസ്​ലിം ലീഗിനും സീറ്റ് കൂടുതൽ ലഭിക്കുമ്പോൾ കേരള കോൺഗ്രസിനു കുറയ്ക്കരുതെന്നാണ് അവരുടെ വാദം.2 റൗണ്ട് ചർച്ചകളാണ് ഇന്നലെ നടന്നത്. ചികിത്സയിൽ കഴിയുന്ന പി.ജെ.ജോസഫിനെ ഇതിനിടെ വിവരങ്ങൾ ധരിപ്പിച്ചു. ഇന്നു ചർച്ച തുടരും. 

ഫ്രാൻസിസ് ജോർജിനു വേണ്ടിയാണ് മൂവാറ്റുപുഴ കേരള കോൺഗ്രസ് ചോദിക്കുന്നത്. എന്നാൽ, ജോസഫ് വാഴയ്ക്കനേയോ മാത്യു കുഴൽനാടനേയോ അവിടെ മത്സരിപ്പിക്കാനാണു കോൺഗ്രസ് ഒരുങ്ങുന്നത്. ചങ്ങനാശേരി കിട്ടിയാൽ കോൺഗ്രസ് കെ.സി. ജോസഫിനെ മത്സരിപ്പിക്കുമെന്നും അതല്ല വാഴയ്ക്കൻ മൂവാറ്റുപുഴ വിട്ട് ചങ്ങനാശേരി തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. എന്നാൽ, മൂവാറ്റുപുഴ കൂടി വിട്ടുകൊടുത്താൽ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി ബെൽറ്റിൽ കോൺഗ്രസ് അപ്രത്യക്ഷമാകും. കോൺഗ്രസിനു തിരിച്ചുപിടിക്കാൻ കഴിയുന്ന മണ്ഡലം എന്തിനു വിട്ടുകൊടുക്കണമെന്ന ചോദ്യം പാർട്ടിയിൽ ഉയർന്നു കഴിഞ്ഞു.

ലീഗിന് 3 സീറ്റ് കൂടുതൽ നൽകിയേക്കും

തിരുവനന്തപുരം ∙ മുസ്​ലിം ലീഗുമായുള്ള അന്തിമ സീറ്റ് ധാരണ നാളെ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞതവണ 24 സീറ്റിൽ മത്സരിച്ച ലീഗ് അധികമായി 3 സീറ്റ് കിട്ടിയേ തീരൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു നൽകാമെന്നാണ് കോൺഗ്രസിന്റെ സമീപനം.

കൂത്തുപറമ്പ്, ബേപ്പൂർ, ചേലക്കര എന്നിവയാണു ലീഗിനു നൽകാൻ സാധ്യതയുള്ളത്. എന്നാൽ ചേലക്കരയോട് അവർക്കു താൽപര്യമില്ലെന്ന സൂചനയുണ്ട്. 

കൊല്ലത്ത് ആർഎസ്പി സ്ഥാനാർഥികൾ: ഷിബു ബേബി, ഉല്ലാസ് കോവൂർ, ബാബു ദിവാകരൻ

കൊല്ലം ∙ ജില്ലയിൽ ആർഎസ്പി മത്സരിക്കുന്ന 3 സീറ്റുകളിലേയും സ്ഥാനാർഥികളെക്കുറിച്ചു ധാരണയായി. ഈയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേർന്നു ശുപാർശകൾ കൈമാറും. 10 നു സംസ്ഥാന കമ്മിറ്റി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇരവിപുരത്തു മുൻ മന്ത്രി ബാബു ദിവാകരൻ സ്ഥാനാർഥിയാകും. മുൻ എംഎൽഎയും സംസ്ഥാന സെക്രട്ടറിയുമായ എ.എ അസീസ് മത്സരിക്കാനില്ലെന്നു വ്യക്തമാക്കി. ചവറയിൽ മുൻ മന്ത്രി ഷിബു ബേബിജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും സ്ഥാനാർഥികളാകും. 

1987, 91, 96, 2001, 2006 തിരഞ്ഞെടുപ്പുകളിൽ കൊല്ലത്തു മത്സരിച്ച ബാബു ദിവാകരൻ 87, 96, 2001 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങൽ, കയ്പമംഗലം സീറ്റുകളിൽ ആറ്റിങ്ങലിൽ വീണ്ടും പാർട്ടി മത്സരിക്കും. കയ്പമംഗലത്തിനു പകരം സീറ്റു വേണമെന്ന ആവശ്യത്തോടു യുഡിഎഫ് നേതൃത്വം മനസ്സു തുറന്നിട്ടില്ല. 

സി.പി. ജോൺ തിരുവമ്പാടിയിൽ 

തിരുവനന്തപുരം ∙ സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനു വേണ്ടി മുസ്​ലിം ലീഗിന്റെ അക്കൗണ്ടിൽ പെടുത്തി തിരുവമ്പാടി സീറ്റ് നൽകണമെന്ന നിർദേശത്തിന്റെ സാധ്യത കോൺഗ്രസും ലീഗും വീണ്ടും പരിശോധിക്കും.

ക്രൈസ്തവ സഭയും ലീഗും തമ്മിലുണ്ടായ അകൽച്ചയുടെ പശ്ചാത്തലത്തിൽ ലീഗ് മുൻകൈ എടുത്ത് ജോണിന് ഒരു സീറ്റ് നൽകുന്നതു ഗുണം ചെയ്യുമെന്ന അഭിപ്രായം ഉയർന്നു. നിലവിൽ മലബാർ മേഖലയിൽ യുഡിഎഫിന് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥികൾ വളരെ കുറവാണ് എന്ന പ്രശ്നവും നേതൃത്വം കണക്കിലെടുക്കുന്നു. ലീഗിന് ഇക്കാര്യത്തിൽ താൽപര്യമുണ്ടെങ്കിലും കോൺഗ്രസ് മനസ്സു തുറന്നിട്ടില്ല. 

35 വർഷത്തോളമായി യുഡിഎഫിനൊപ്പം നിൽക്കുകയും മുന്നണിക്കു രാഷ്ട്രീയമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന ജോണിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്ന് കോൺഗ്രസിലെ യുവ എംഎൽഎമാരും നേതൃത്വത്തോട് ആവശ്യപ്പെട്ടു. നെന്മാറ സീറ്റ് സിഎംപിക്കു നൽകാമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. 

കാപ്പനു പാലാ, മലബാറിൽ വേറൊന്ന് 

നാഷനലിസ്റ്റ് കോൺഗ്രസ് കേരള നേതാവ് മാണി സി.കാപ്പനു പാലാ നൽകുന്ന കാര്യം ഉറപ്പിച്ചു. കായംകുളം കൂടി പാർട്ടി ചോദിച്ചെങ്കിലും  കോൺഗ്രസ് നിരസിച്ചു. മലബാറിൽ ഒരു സീറ്റ് നൽകാൻ സാധ്യതയുണ്ട്. യുഡിഎഫിൽ ഘടക കക്ഷിയായി തന്നെ പരിഗണിക്കാമെന്നും ഉറപ്പു നൽകി. നാളെ ചേരുന്ന മുന്നണി നേതൃയോഗം അന്തിമ തീരുമാനമെടുക്കും. ആർഎസ്പി: 6 സീറ്റ് ചോദിച്ചു. കഴിഞ്ഞ തവണത്തെ അഞ്ചിൽ തന്നെ കോൺഗ്രസ് നിൽക്കുന്നു. ഇന്നലെ പ്രത്യേക ചർച്ച നടന്നില്ല. 

ഭാരതീയ നാഷനൽ ജനതാദൾ: എലത്തൂർ സീറ്റ് ചോദിച്ചെങ്കിലും കോൺഗ്രസ് അനുകൂലമല്ല. മലമ്പുഴ പരിഗണനയിൽ. കിട്ടിയാൽ പ്രസിഡന്റ് ജോൺ ജോൺ മത്സരിക്കും. കേരള കോൺഗ്രസ്(ജേക്കബ്): പിറവം കൂടാതെ ഒന്നു കൂടി ചോദിച്ചെങ്കിലും സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com