ADVERTISEMENT

മലപ്പുറം ∙ അസാന്നിധ്യത്തിലും നിലമ്പൂരിൽ പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ച് സിപിഎം. ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവറിന്റെ പേരു മാത്രമാണ് ചർച്ചയ്ക്കെത്തിയത്. 

കഴിഞ്ഞ 2 മാസത്തിലേറെയായി നാട്ടിൽ ഇല്ലാത്ത അൻവർ‌ ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ്. നിർണായക സമയത്തെ അസാന്നിധ്യം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കു വഴിയൊരുക്കിയെങ്കിലും പകരംവയ്ക്കാൻ അവിടെ മറ്റൊരാളില്ലെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.

സിപിഎം സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു കഴിഞ്ഞ തവണ നിലമ്പൂരിൽ ജയിച്ചത്. 

എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് 754 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മണ്ഡലം നിലനിർത്താൻ അൻവർ തന്നെ മത്സരിക്കണമെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ.

പാർട്ടി പച്ചക്കൊടി കാട്ടിയെങ്കിലും ആഫ്രിക്കയിൽനിന്നുള്ള അൻവറിന്റെ മടങ്ങിവരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൃത്യമായ മറുപടി നൽകാൻ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. 

എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നയിച്ച വികസന മുന്നേറ്റ യാത്ര നിലമ്പൂരിൽ എത്തിയപ്പോൾ അൻവറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മടങ്ങിവരാതായതോടെ പാർട്ടി വീണ്ടും പ്രതിരോധത്തിലായി.

ഈ മാസം 6ന് മുൻപ് നാട്ടിലേക്കു തിരിക്കുമെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ടെന്നാണ് പഴ്സനൽ സ്റ്റാഫ് ഇപ്പോൾ പറയുന്നത്. 

നാട്ടിലെത്തിയാലും ക്വാറന്റീൻ കഴിഞ്ഞേ പ്രചാരണത്തിന് ഇറങ്ങാൻ കഴിയൂ. നാമനിർദേശ പത്രിക ഓൺലൈൻ വഴി സമർപ്പിക്കാം.

Content Highlights: CPM waiting for PV Anvar

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com