ADVERTISEMENT

തിരുവനന്തപുരം ∙ മുൻഗണനാ വിഭാഗങ്ങൾക്കുള്ള കോവിഡ് വാക്സിനേഷൻ വേഗത്തിൽ തീർക്കേണ്ടതിനാൽ 60 വയസ്സു കഴിഞ്ഞവരുടെയും ഗുരുതര രോഗങ്ങളുള്ള 45 വയസ്സു കഴിഞ്ഞവരുടെയും വാക്സിനേഷൻ നടപടികൾ വൈകിയേക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 3.8 ലക്ഷം പേരുടെ വാക്സിനേഷൻ 6 ന് അകം തീർക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 

കൂടാതെ റജിസ്ട്രേഷൻ നടത്താനാകാത്ത 25,000 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസും ആദ്യ ഡോസ് എടുത്ത ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും രണ്ടാം ഡോസും നൽകണം. ഈ വിഭാഗങ്ങളുടെ ഒപ്പമാണ് 60 വയസ്സു കഴിഞ്ഞവരുടെയും ഗുരുതര രോഗങ്ങളുള്ളവരുടെയും റജിസ്ട്രേഷൻ സ്വീകരിക്കുന്നത്. അതിനാലാണു പോർട്ടലിൽ പ്രവേശിക്കാനാകാത്തതും വാക്സിനേഷനു സമയം കിട്ടാൻ വൈകുന്നതും.

സംസ്ഥാനത്തിനു താൽപര്യമുള്ള എല്ലാ സ്ഥലങ്ങളിലെയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ കേന്ദ്രം തുറക്കാൻ ഇന്നലെ കേന്ദ്രാനുമതി ലഭിച്ചു. സ്വകാര്യ ആശുപത്രികളിലെ പരിശോധനയും മറ്റു നടപടികളും വേഗത്തിലാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് വാക്സീൻ കുത്തിവയ്ക്കുന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തു. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് കുത്തിവച്ചു 14 ദിവസം കഴിഞ്ഞു മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂവെന്നാണു വാക്സീൻ നിർമാതാക്കൾ അവകാശപ്പെടുന്നത്. ഉദ്യോഗസ്ഥരിൽ പകുതിപ്പേർ മാത്രമേ ഇതിനകം വാക്സീൻ സ്വീകരിച്ചിട്ടുള്ളൂ. ഈമാസം 6നകം കുത്തിവയ്പ് എടുത്താൽ ഏപ്രിൽ 6നു തിരഞ്ഞെടുപ്പിനു മുൻപു രണ്ടാം ഡോസ് കുത്തിവയ്ക്കാം. പക്ഷേ, 14 ദിവസം കൂടി കഴിയാതെ പ്രതിരോധ ശേഷി ലഭിക്കുമോയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, ആദ്യ ഡോസ്  മുതൽ പ്രതിരോധശേഷി വർധിച്ചുവരുമെന്ന് ആരോഗ്യവകുപ്പിലെ ഡോക്ടർമാർ പറഞ്ഞു. 

മന്ത്രിമാരിൽ ആദ്യം കടന്നപ്പള്ളി

സംസ്ഥാനത്തെ മന്ത്രിമാരിൽ ആദ്യം വാക്സീൻ എടുത്തതു രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂരിലെ ആശുപത്രിയിലായിരുന്നു വാക്സിനേഷൻ. 

മന്ത്രിമാരായ കെ.കെ. ശൈലജയും ഇ.ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ വാക്സീൻ സ്വീകരിച്ചു. ശൈലജയ്ക്കൊപ്പം ഭർത്താവ് കെ.ഭാസ്കരനും ഉണ്ടായിരുന്നു. 

ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഭാര്യ വിലാസിനിയും പാലക്കാട് നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവയ്പെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്സീൻ സ്വീകരിച്ചേക്കും.

Content Highlights: Senior citizens vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com