ADVERTISEMENT

തിരുവനന്തപുരം ∙ മസാല ബോണ്ടിന്റെ പേരിൽ കേസെടുത്ത് തങ്ങളെ വിരട്ടാൻ നോക്കേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാരിനറിയാം. തങ്ങൾക്കും പൊലീസ് ഒക്കെയുണ്ട്. സംസ്ഥാനവുമായി ഏറ്റുമുട്ടാൻ കേന്ദ്രം വരരുത്. കിഫ്ബിയെ തകർക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൂടി പങ്കാളിയായ രാഷ്ട്രീയ ഗൂ‌ഢാലോചന മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ജനങ്ങളെ അണിനിരത്തി അതിനെ നേരിടും.

ഓഗസ്റ്റ് 9നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാർട്ടേ‌ഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തപ്പോഴും കിഫ്ബിയെക്കുറിച്ച് ഇഡി ചോദ്യമുന്നയിച്ചു. കിഫ്ബിയെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി ഇഡി ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. 

ബോണ്ടുകളിലൂടെയും മറ്റുമാണ് കിഫ്ബി വായ്പയെടുക്കുന്നത്. രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനും 2009 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനുമായ മനീഷിനെ മുന്നിൽ നിർത്തിയാണ് കിഫ്ബിക്കെതിരെ കേന്ദ്രം കളിക്കുന്നത്. 

കിഫ്ബി ഉദ്യോഗസ്ഥർ ഇഡിക്കു മുന്നിൽ 2 തവണ ഹാജരായിരുന്നു. മാർച്ച് 8നു മൂന്നാമത്തെ തവണ ഹാജരാകാൻ തീരുമാനിച്ചപ്പോഴാണ് അതിനു മുൻപ് കിഫ്ബി സിഇഒയും ഡപ്യൂട്ടി എംഡിയും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ ഇടപെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ധനമന്ത്രി കേരളത്തിൽ വന്നതിന് അടുത്ത ദിവസമാണിത് . ചോദ്യം ചെയ്ത ഇഡി ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിൽ ധനമന്ത്രിയുടെ പ്രസംഗം ഉണ്ടായിരുന്നു. 

    കേന്ദ്ര ധനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്നും ഐസക് ആരോപിച്ചു. റിസർവ് ബാങ്കിന്റെ അനുവാദത്തോടെയാണു കിഫ്ബി വിദേശ വായ്പ വാങ്ങിയത്. പ്രചാരണങ്ങൾ നടത്തിയും വാർത്ത നൽകിയും കിഫ്ബിയെ തകർക്കാൻ കേന്ദ്രമന്ത്രി തന്നെ ഇറങ്ങിയിരിക്കുകയാണ്. 

കേരളത്തിന്റെ വായ്പ വർധിച്ചാലുള്ള അപകടത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ പരാമർശത്തിന് ആദരവോടെ മറുപടി നൽകും. ആന്വിറ്റി സ്കീമിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കിഫ്ബി മാതൃക അറിയാത്തതുകൊണ്ടാണ് മൻമോഹൻ സിങ് വിമർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com