ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ കോൺഗ്രസിൽനിന്നു രാജി തുടരുന്നു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഏറ്റവുമൊടുവിൽ പാർട്ടി വിട്ടത്. ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും.

തുടർച്ചയായി നേതാക്കൾ കൊഴിഞ്ഞുപോകുന്നതിനിടെ, സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റിയംഗവും കൺസ്യൂമർഫെഡ് ഡയറക്ടറുമായ ഇ.എ. ശങ്കരനെ കോൺഗ്രസിലേക്കു തിരിച്ചെത്തിക്കാനായതാണു പാർട്ടിയുടെ ആശ്വാസം.

ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് ദേശീയ ഉപാധ്യക്ഷനുമായ ശങ്കരൻ ഡിസിസി ഓഫിസിലെത്തിയാണു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

ഒരേ സമുദായത്തിലെയും ഒരേ പഞ്ചായത്തിലെയും ആളുകളെ മാത്രം സ്ഥിരമായി സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്ന് വിശ്വനാഥൻ പറഞ്ഞു. ബത്തേരിയിൽ ഐ.സി.ബാലകൃഷ്ണൻ മൂന്നാമതും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെയാണ് വിശ്വനാഥൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബത്തേരിയിലെ കുറുമ സമുദായ നേതൃത്വം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബാലകൃഷ്ണനും മാനന്തവാടിയിൽ പരിഗണിക്കുന്ന പി.കെ.ജയലക്ഷ്മിയും കുറിച്യ സമുദായാംഗങ്ങളാണ്.

അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനും കെപിസിസി നിർവാഹക സമിതിയംഗവുമായ കെ.കെ. വിശ്വനാഥൻ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്നു രാജിവച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ എൽജെഡിയിലും ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ സിപിഎമ്മിലേക്കു പോയതും അടുത്തിടെയാണ്.

ഐ.സി.ബാലകൃഷ്ണൻ മാനന്തവാടിയിലേക്കു മാറിയാൽ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർഥിയാകാമെന്ന കണക്കുകൂട്ടലിലാണ് ശങ്കരൻ കോൺഗ്രസിൽ തിരിച്ചെത്തിയതെന്നു സൂചനയുണ്ട്. ആദിവാസി കോൺഗ്രസ് നേതാവായിരുന്ന ശങ്കരൻ 2011ൽ എൽഡിഎഫ് സ്ഥാനാർഥിയായി ബത്തേരിയിൽ മത്സരിക്കാനാണ് സിപിഎമ്മിൽ ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com