ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരെയുള്ള കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫിസുകളിലേക്ക്‌ എൽഡിഎഫ്‌ പ്രവർത്തകർ മാർച്ച്‌ നടത്തുമെന്നു കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. ജയിലിൽ കിടക്കുന്ന പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണു കസ്റ്റംസ്‌ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തു. എൽഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്നു ബോധ്യമായപ്പോഴാണ്‌ മ്ലേച്ഛമായ ഈ നീക്കമെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം ∙ ഡോളർ കടത്തു കേസിൽ കോൺസൽ ജനറലുമായി മുഖ്യമന്ത്രി നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്നു സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.  പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

കോൺഗ്രസ് പ്രതിഷേധം ഇന്ന്

തിരുവനന്തപുരം∙ ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധത്തിനു കോൺഗ്രസ്. ‌

ജില്ലാ കേന്ദ്രങ്ങളിൽ ഇന്നു പ്രകടനവും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിക്കുമെന്നു കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽ കുമാർ അറിയിച്ചു.

‘മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. ഗുരുതരമായ വിഷയം കോടതി മുൻപാകെ കസ്റ്റംസ് സമർപ്പിച്ച സാഹചര്യത്തിൽ, നിയമവ്യവസ്ഥയോടു ബഹുമാനം ഉണ്ടെങ്കിൽ മാറി മറ്റൊരാളെ ചുമതല ഏൽപിക്കണം.’

വി.മുരളീധരൻ, കേന്ദ്രമന്ത്രി 

‘മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ 3 പേർക്കും സ്പീക്കർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന കസ്റ്റംസ്  സത്യവാങ്മൂലം  അതീവ ഗുരുതരമാണ്. രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ അടിയന്തരമായി ചോദ്യം ചെയ്യണം.’

മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ് 

‘ഡോളർ കള്ളക്കടത്തിനു കൂട്ടുനിൽക്കുകയും സഹായം നൽകുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അധികാരം വിട്ടൊഴിയണം. ചരിത്രത്തിലാദ്യമായാണു രാജ്യത്ത് ഒരു മുഖ്യമന്ത്രി കള്ളക്കടത്തിനു നേതൃത്വം നൽകുന്നതായി അന്വേഷണ ഏജൻസി വെളിപ്പെടുത്തുന്നത്.’

കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

Content Highlights: LDF march to Customs office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com