ADVERTISEMENT

തിരുവനന്തപുരം∙ സ്വർണ, ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് എണ്ണിയെണ്ണി ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ നടന്ന പല അഴിമതികളുടെയും തെളിവു തന്റെ കയ്യിലുണ്ടെന്നും അതെല്ലാം ഉന്നയിച്ചു മുഖ്യമന്ത്രിയെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിച്ച ‘വിജയയാത്ര’യുടെ സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. പ്രവർത്തകരുടെ വൻ പങ്കാളിത്തമായിരുന്നു സമാപന സമ്മേളനത്തിൽ.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിക്കുന്ന കേരള മുഖ്യമന്ത്രി തന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അമിത് ഷാ അവ ഒന്നൊന്നായി ഉന്നയിച്ചത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയായിരുന്നില്ലേ. പ്രതിയായ വനിതയ്ക്കു മാസം 3 ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ. ആ സ്ത്രീക്കു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതപദവി നൽകിയില്ലേ. നിങ്ങളും പ്രിൻസിപ്പൽ സെക്രട്ടറിയും സർക്കാർ ചെലവിൽ ഈ സ്ത്രീയെ വിദേശത്തു കൊണ്ടുപോയില്ലേ. അവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദർശകയല്ലേ. വിമാനത്താവളത്തിലെ കള്ളക്കടത്തു പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് കസ്റ്റംസിനു മേൽ സമ്മർദം ചെലുത്തിയില്ലേ. ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ. 

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ഇൗ ചോദ്യങ്ങൾക്കെല്ലാം പിണറായി വിജയൻ ഉത്തരം പറയണം. പ്രളയത്തിൽ കേരളത്തിൽ 500 പേർ മരിച്ചതു രാജ്യത്തെ ഞെട്ടിച്ചു. എന്നാൽ ദുരിതാശ്വാസ–പുനർനിർമാണത്തിനല്ല, സ്വർണത്തട്ടിപ്പുകാരെ സംരക്ഷിക്കാനായിരുന്നു സർക്കാരിനു തിടുക്കം.

എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ആശങ്ക ഈ നാടിനെക്കുറിച്ചല്ല, അവരുടെ വോട്ടുബാങ്കിനെക്കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോൺഗ്രസും വർഗീയ പാർട്ടികളായ എസ്ഡിപിഐയുമായി സഖ്യത്തിലാണ്. കോൺഗ്രസ് മുസ്‌ലിം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോൺഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിന്റെ പാർട്ടിയുമായി കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവർ ശിവസേനക്കാരുമായി സഖ്യത്തിലാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ നയം എന്താണെന്നു ജനങ്ങളോടു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

തനിക്ക് 56 വയസ്സായി. രാഷ്ട്രീയം മതിയാക്കാമെന്നു പലപ്പോഴും തോന്നും. എന്നാൽ ഈ പ്രായത്തിലും മെട്രോമാൻ ഇ.ശ്രീധരന്റെ ഉത്സാഹവും നാടിനു വേണ്ടി പ്രവർത്തിക്കാനുള്ള ആവേശവും കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹത്തെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞു. 

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, വി.മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ, പ്രഭാരി സിപി.രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽകുമാർ, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, പി.സി.തോമസ്, തുഷാർ വെള്ളാപ്പള്ളി, ടി.പി. സിന്ധുമോൾ തുടങ്ങിയവരും പ്രസംഗിച്ചു.

English Summary: In Kerala, Amit Shah targets CM over smuggling cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com