ADVERTISEMENT

കൊച്ചി∙ ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തയാറെടുക്കുന്നു. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച പത്രികയിൽ പരാമർശിക്കപ്പെട്ടവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണു കസ്റ്റംസ്. ഉന്നതർക്കെതിരെ കസ്റ്റംസ് നിയമം 108ാം വകുപ്പു പ്രകാരവും ക്രിമിനൽ നടപടിച്ചട്ടം 168 പ്രകാരവും സമാനമായ മൊഴികൾ സ്വപ്ന നൽകിയ സാഹചര്യത്തിലാണിത്.

മുഖ്യമന്ത്രി, സ്പീക്കർ, 3 മന്ത്രിമാർ എന്നിവർക്കു ഡോളർ കടത്തിൽ ബന്ധമുണ്ടെന്നാണു പത്രികയിൽ പറ‍ഞ്ഞത്. ഇവർക്കു പുറമെ, 2 മന്ത്രിപുത്രന്മാരെയും ചോദ്യം ചെയ്യും.ഡോളർ കടത്ത്, സ്വർണക്കടത്ത് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഒരുമിച്ചാകും ചോദ്യം ചെയ്യൽ.

കസ്റ്റംസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ നൽകിയ പത്രികയിലെ വെളിപ്പെടുത്തലുകൾ വിവാദം സൃഷ്ടിച്ചുവെങ്കിലും ഉന്നതരിടപെട്ടുവെന്നു പറയുന്ന ഡോളർ കടത്തിൽ ഇതുവരെ ഒക്കറൻസ് റിപ്പോർട്ട് പോലും കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചിട്ടില്ല. യുഎഇ കോൺസുലേറ്റിലെ മുൻ ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിന്റെ ഒക്കറൻസ് റിപ്പോർട്ടിലാകട്ടെ ഇവരിലാരെയും പരാമർശിച്ചിട്ടുമില്ല.

ഡോളർ കടത്തിൽ, സ്വപ്നയുടെ മൊഴി തന്നെയാണു പ്രധാന തെളിവെന്നു കസ്റ്റംസ് വ്യക്തമാക്കുന്നു. ഉന്നതരുടെ ഡോളർ വിദേശത്തേക്കു കടത്തിയെന്നു മൊഴി നൽകിയെങ്കിലും ഇത് എന്തിനു വേണ്ടിയാണു കടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. വിദേശത്തേക്കു കടത്തിയതിനാൽ, മറ്റു രേഖാമൂലമായ തെളിവുകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മുൻ കോൺസൽ ജനറൽ അടക്കം യുഎഇ കോൺസുലേറ്റിലെ 3 പ്രധാന ഉദ്യോഗസ്ഥരുടെ മൊഴി നിർണായകമാവുന്നത് ഇവിടെയാണ്. ഡിജിറ്റൽ തെളിവുകളിലും വരും ദിവസങ്ങളിൽ നടക്കുന്ന ചോദ്യം ചെയ്യലുകളിൽ ലഭിക്കുന്ന മൊഴികളിലും കസ്റ്റംസ് പ്രതീക്ഷയർപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com