ADVERTISEMENT

തിരുവനന്തപുരം ∙ വിദേശത്തു നിന്നുള്ള കള്ളക്കടത്തു നിരീക്ഷിക്കലാണു വിദേശകാര്യ വകുപ്പിന്റെ ജോലി എന്നാണു മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

ഇതെല്ലാം ധനവകുപ്പിനു കീഴിൽ വരുന്ന കസ്റ്റംസിന്റെ ജോലിയാണെന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിൽ മാധ്യമ പ്രവർത്തകരെങ്കിലും പറഞ്ഞു മനസ്സിലാക്കണം.

കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിനോദിനി ബാലകൃഷ്ണനെ വി.മുരളീധരൻ വേട്ടയാടുന്നു എന്നു പറഞ്ഞില്ലല്ലോ എന്നതിൽ ആശ്വാസമുണ്ട്. ഇക്കാര്യത്തിലെങ്കിലും സത്യസന്ധത പുലർത്തിയതിനു മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ ആക്ഷേപിച്ചു.

കസ്റ്റംസ് എന്ന ഏജൻസിയാണു ഡോളർ കടത്തു കേസിലെ കക്ഷിയെന്നും അതിലെ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുക എന്നതു സ്വാഭാവിക നടപടിയാണെന്നും കേരള മുഖ്യമന്ത്രിക്ക് അറിയില്ലെന്നു തോന്നുന്ന വിധത്തിൽ വാർത്താകുറിപ്പ് തയാറാക്കി അദ്ദേഹത്തെ അപഹസിച്ചയാളെ മാറ്റിനിർത്തുകയാണു മുഖ്യമന്ത്രി ചെയ്യേണ്ടത്. കസ്റ്റംസ് സൂപ്രണ്ട് കക്ഷിയായ കേസിൽ കസ്റ്റംസ് കമ്മിഷണ‍ർ എന്തിനു മറുപടി പറയണം എന്നതു സാമാന്യ ബുദ്ധിയനുസരിച്ചു മുഖ്യമന്ത്രി തിരിച്ചറിയണം – മുരളീധരൻ പറഞ്ഞു.

വി.മുരളീധരനു സമനില തെറ്റിയെന്ന് ഐസക്

തിരുവനന്തപുരം ∙ കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിൽ ഉയർന്ന ജനരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുക‍യാണെന്ന് മന്ത്രി തോമസ് ഐസക്.

ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധ‍മായിരുന്നു ഈ വ്യാജ മൊഴിയെന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. അതു ചീറ്റിപ്പോയ‍പ്പോഴുണ്ടായ ഇച്ഛാഭംഗം മനസ്സിലാക്കാം. തട്ടിക്കൂട്ടു മൊഴികളും അതിനെച്ചൊല്ലി സൃഷ്ടിച്ചെടുക്കുന്ന മാധ്യമ കോലാഹലവുമൊന്നും കേരളത്തിൽ വിലപ്പോവില്ല – ഫെയ്സ് ബുക് കുറിപ്പിൽ മന്ത്രി പറഞ്ഞു.

∙ ഇച്ഛാശക്തിയുള്ള ധനമന്ത്രിയും ഇച്ഛാശക്തിയുള്ള ധനകാര്യ വകുപ്പും കേന്ദ്രത്തിൽ ഉള്ളതിനാലാണു വിദേശ പൗരന്മാരുമായി ചേർന്നു പിണറായി വിജയൻ നടത്തിയ കള്ളക്കടത്ത് കയ്യോടെ പിടിച്ചത്.

- വി.മുരളീധരൻ, കേന്ദ്രമന്ത്രി.  

∙ ഉദ്യോഗസ്ഥരുടെ ചരട് ആരുടെ കൈകളിലാണെന്ന് ഇനി സംശയിക്കേണ്ട കാര്യമില്ല. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഏതു ശ്രമവും രാഷ്ട്രീയമായിത്തന്നെ നേരിടും.

-മന്ത്രി തോമസ് ഐസക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com