ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന് സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടി ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണുപാലാരിവട്ടം സ്റ്റേഷനിലെ സിജി വിജയൻ മൊഴി നൽകിയത്.

ഡിസംബർ 11 നു രേഖപ്പെടുത്തിയ മൊഴിയാണു പുറത്തായത്. മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്നയുടെ മൊഴി ഹൈക്കോടതി വഴി പുറത്തുവന്നതിനു പിന്നാലെയാണു സിജിയുടെ മൊഴി പുറത്തായത്.

മുഖ്യമന്ത്രിയുടെ പേരു പറയിപ്പിക്കുന്ന തരത്തിൽ സമ്മർദം ചെലുത്തലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യലിൽ ഏറെയും എന്നു മൊഴിയിലുണ്ട്. ‌സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർക്കു പല ഫോൺ സന്ദേശവും വന്നിരുന്നു. ഇനി ഒരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന്് ഇഡി ഉദ്യോഗസ്ഥർ ഇടയ്ക്കു പറയുന്നുണ്ടായിരുന്നുവെന്നും സിജിയുടെ മൊഴിയിലുണ്ട്.

ഇതേകാര്യം സൂചിപ്പിക്കുന്ന സ്വപ്നയുടെ മൊഴികൾ പുറത്തുവന്ന ഘട്ടത്തിലും അതു റിക്കോർഡ് ചെയ്തതു സുരക്ഷാ ഉദ്യോഗസ്ഥയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സ്വർണക്കടത്ത് പ്രതികൾ കസ്റ്റംസിന് നൽകിയമൊഴി ഇഡിക്ക് നൽകാനാവില്ലെന്ന് കോടതി

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർ കസ്റ്റംസിനു നൽകിയ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി തള്ളി. 

കേസ് അന്വേഷിക്കുന്ന ഏജൻസിക്ക് അല്ലാതെ മറ്റാർക്കും അതിന്റെ പകർപ്പുകൾ കൊടുക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. 

പൊതുജനത്തോട് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടില്ലാത്ത മൊഴികളാണവ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് അന്വേഷിക്കുന്ന ഇഡിക്ക് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിന്റെ കേസ് രേഖകൾ കൈമാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com