ADVERTISEMENT

തിരുവനന്തപുരം∙ അറബിക്കടലിൽ രൂപം കൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റ് അതിശക്ത ചുഴലിയായി കേരള തീരത്തു നിന്നു വടക്കോട്ടു നീങ്ങിയതോടെ സംസ്ഥാനത്തെ മഴക്കെടുതികൾക്കു തെല്ലു ശമനമുണ്ടായി. എന്നാൽ, കാറ്റും മഴയും കടലേറ്റവും തുടരുമെന്നാണു മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനു പൂർണ വിലക്കേർപ്പെടുത്തി. ബീച്ചുകളിൽ സന്ദർശനവും നിരോധിച്ചു. തീരപ്രദേശത്ത് 4.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുള്ളതിനാൽ അപകടമേഖലയിലുള്ളവർ മാറിത്താമസിക്കണം.

കൊച്ചി വേമ്പനാട്ട് കായലിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടി. ബേപ്പൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയി കടലിൽ കാണാതായ 2 ബോട്ടുകളും കണ്ടെത്തി. ലക്ഷദ്വീപിലെ ബിത്രയ്ക്കു സമീപം മുങ്ങിയ ബോട്ടിലെ 9 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു.

കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി. ഗോവ തീരത്തു നിന്ന് 120 കിമീ ദൂരെക്കൂടി വടക്കോട്ടു നീങ്ങിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗം കൈവരിച്ച് ഇന്നു വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുകയും നാളെ പോർബന്തർ, മഹുവ (ഭാവ്നഗർ ജില്ല) തീരം വഴി കരയിൽ കയറുകയും ചെയ്യുമെന്നാണു നിഗമനം. ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ കർണാടകയിൽ 4 പേരും ഗോവയിൽ 2 പേരും മരിച്ചു.

English Summary: Kerala rain havoc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com