ADVERTISEMENT

തൃശൂർ ∙ കൊടകരയിലെ 3.5 കോടിയുടെ കുഴൽപണക്കേസിൽ തങ്ങൾക്കു പങ്കില്ലെന്നും ബിജെപിക്കാർ കൊണ്ടുവന്ന പണം പാർട്ടിക്കാർ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതികൾ കോടതിയിൽ മൊഴി നൽകി. കേസിലെ 10 പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഈ വാദം ഉന്നയിച്ചത്. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.‌

ഏപ്രിൽ മൂന്നിനു പുലർച്ചെ 4.30 ന് കൊടകരയിൽ കൊള്ളയടിക്കപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലും പണം കണ്ടെടുക്കാനുള്ളതിനാലും ജാമ്യം അനുവദിക്കരുതെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു വാദിച്ചു. പ്രതികൾക്കു ഭീഷണിയുണ്ടെന്നും ഇവർ പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതംഗീകരിച്ചാണു സെഷൻസ് ജ‍ഡ‍്ജി ഡി. അജിത്കുമാർ ഹർജി തള്ളിയത്.

അതിനിടെ, അന്വേഷണ സംഘത്തിനെതിരെ  വ്യാജപ്രചാരണം നടത്തിയതിന് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.വി. സുഭാഷിനെ മണ്ണുത്തി സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. അന്വേഷണ സംഘത്തിലെ 2 ‌ഉദ്യോഗസ്ഥർ ബിജെപി നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നായിരുന്നു പ്രചാരണം. 

അന്വേഷിക്കുന്നത് 3 കേന്ദ്ര ഏജൻസികൾ

കുഴൽപണ കവർച്ചക്കേസ് തിരഞ്ഞെടുപ്പു കമ്മിഷൻ, എൻഫോഴ്സ്മെന്റ് ഡയറക്ടർ, ഇൻകംടാക്സ് വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഇവർ ആവശ്യപ്പെട്ടതു പ്രകാരം പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. ഹവാലപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന്  വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഏജൻസികൾ റിപ്പോർട്ട് തേടിയത്. പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റും ഇൻകംടാക്സ് വകുപ്പുമാണ് നടത്തേണ്ടത്.

English Summary: Kodakara Black Money case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com