ADVERTISEMENT

ശാസ്താംകോട്ട (കൊല്ലം) ∙ മുറിവുകളുടെ ചിത്രം കാട്ടി സഹോദരന് സങ്കടമാകാൻ ഇനി വിസ്മയ ഇല്ല. പീഡന സഹനങ്ങൾക്കൊടുവിൽ ഭർതൃവീട്ടിലെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറിയിൽ അവളുടെ ജീവൻ അസ്തമിച്ചു. 

ബിഎഎംഎസ് വിദ്യാർഥിനിയും അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ എസ്.കിരൺകുമാറിന്റെ ഭാര്യയുമായ വിസ്മയ വി.നായർ (മാളു–24) ആണു മരിച്ചത്. 

സ്ത്രീധന പീഡനം ആരോപിച്ചു ബന്ധുക്കൾ രംഗത്തുവന്നു. തുടർന്ന് രാത്രിയോടെ ഭർത്താവ് കിരൺ കുമാറിനെ  പൊലീസ് കസ്റ്റഡിയിലെടുത്തു.  മർദനമേറ്റ പാടുകളുള്ള വിസ്മയയുടെ ചിത്രങ്ങളും ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ചു സഹോദരനും മറ്റും അയച്ച വാട്സാപ് സന്ദേശങ്ങളും പുറത്തുവന്നു. ചടയമംഗലം നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിത വി.നായരുടെയും മകളാണു വിസ്മയ. 

രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിയ നിലയിലാണു പുലർച്ചെ 3 മണിയോടെ വിസ്മയയെ കാണുന്നത്. 

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭർതൃവീട്ടുകാർ പറയുന്നു. കൊല്ലം ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജോലി നോക്കുന്ന കിരൺകുമാറും പന്തളം മന്നം ആയുർവേദ കോളജിലെ ബിഎഎംഎസ് നാലാം വർഷ വിദ്യാർഥിനി വിസ്മയയും ഒരു വർഷം മുൻപാണു വിവാഹിതരായത്. 

സ്ത്രീധനമായി നൽകിയ കാറിനു പകരം പണം മതിയെന്നു പറഞ്ഞു തർക്കങ്ങൾ പതിവായിരുന്നെന്നു വിസ്മയയുടെ ബന്ധുക്കൾ പറയുന്നു. വാഹന വായ്പയിലൂടെ വാങ്ങിയ കാർ വിൽക്കാനാകില്ലെന്ന് അറിഞ്ഞതോടെ മകളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. ഇതെക്കുറിച്ചു ചടയമംഗലം പൊലീസ് സ്റ്റേഷനിൽ നേരത്തേ പരാതി നൽകിയിരുന്നു. 

കിരൺകുമാറിന്റെ മർദനം മൂലം ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങൾ സഹോദരൻ വിജിത്തിന് ഉൾപ്പെടെ വിസ്മയ അടുത്തിടെ അയച്ചിരുന്നു. മർദനം സഹിക്കവയ്യാതെ വിസ്മയ പലപ്പോഴും സ്വന്തം വീട്ടിലേക്കു പോയിരുന്നെങ്കിലും ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു പറഞ്ഞു കിരൺകുമാർ കൂട്ടിക്കൊണ്ടു പോയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. 

അസ്വാഭാവിക മരണത്തിനു ശൂരനാട് പൊലീസ് കേസെടുത്തു. പൊലീസ്, ഫൊറൻസിക് സംഘങ്ങൾ കിരണിന്റെ വീട്ടിൽ പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.

പ്രാഥമിക പരിശോധനയിൽ ശരീരത്തു മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഭർതൃപീഡനം ഉൾപ്പെടെയുള്ള പരാതികളിൽ അന്വേഷണം നടത്തുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാർ പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷൻ എസ്പിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന യുവജന കമ്മിഷനും കേസെടുത്തു. 

English Summary: Woman found dead in husband's house at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com