ADVERTISEMENT

കൊച്ചി ∙ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് പട്ടയഭൂമിയിൽ നിന്നു മരം മുറിക്കാൻ ഭരണതലത്തിൽ ഉത്തരവിറക്കിയ സർക്കാർ നടപടി അലോസരപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി. മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കോടതി ഇക്കാര്യം പറഞ്ഞത്. വില്ലേജ് ഓഫിസർ അപേക്ഷകരുടെ താളത്തിനൊത്തു തുള്ളുകയായിരുന്നുവെന്നു കോടതി കുറ്റപ്പെടുത്തി.

സർക്കാർ ഉത്തരവിന്റെ മറവിൽ വനഭൂമിയിൽനിന്ന് ഇൗട്ടിത്തടി വെട്ടിക്കടത്തിയെന്ന കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജികളാണു ജസ്റ്റിസ് കെ.ഹരിപാൽ തള്ളിയത്. സർക്കാരാണു യഥാർഥ പ്രതിയെന്നു ഹർജിക്കാർ വാദിച്ചെങ്കിലും അഭിപ്രായം പറയുന്നില്ലെന്നു കോടതി പറഞ്ഞു.   

നിയമവും ചട്ടവും അനുസരിച്ച് ഹർജിക്കാർ മരംമുറിക്കാൻ അനുമതി തേടിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ഈട്ടി വെട്ടാനുള്ള അനുമതിയായി കാണാനാവില്ല. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറുടെ അനുമതിക്ക് ആധാരമായ റവന്യു ഉത്തരവ് 2021 ഫെബ്രുവരി 2നു സർക്കാർ പിൻവലിച്ചിരുന്നു. കോടതിയുടെ സ്റ്റേയെ തുടർന്നായിരുന്നു നടപടി. ഇത് അവഗണിച്ചാണു സർട്ടിഫിക്കറ്റ് നൽകിയത്. പ്രതികൾ രേഖകളിൽ കൃത്രിമം കാട്ടിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചുമാണു കാര്യങ്ങൾ നടത്തിയതെന്നു ഹൈക്കോടതി വിമർശിച്ചു.

English Summary: High Court rejected anticipatory bail of Muttil tree cutting case accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com