ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് കാരണം മരിച്ചവരുടെ പട്ടികയിൽ നിന്ന് 7,615 പേരെ ആരോഗ്യ വകുപ്പ് വെട്ടിക്കുറച്ചതിനു തെളിവായി വിവരാവകാശ രേഖ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുറത്തുവിട്ട ഇൻഫർമേഷൻ കേരള മിഷന്റെ വിവരാവകാശ മറുപടിയനുസരിച്ച് ഇൗ മാസം 23 വരെയുള്ള ആകെ കോവിഡ് മരണം 23,486 ആണ്. എന്നാൽ, 23ന് സർക്കാർ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുപ്രകാരം അന്നുവരെ മരിച്ചത് 15,871 പേരാണ്. 

ദിവസേനയുള്ള ഓരോ മരണവും മരണ കാരണവും ആശുപത്രികളിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നത് ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ്‌വെയറിലൂടെയാണ്. ഇൗ ഡേറ്റ കൈകാര്യം ചെയ്യുന്നതും മിഷനാണ്. ഇതുപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ മരണ സർട്ടിഫിക്കറ്റ് നൽകുന്നത്. മരണക്കണക്ക് സംബന്ധിച്ച ഒട്ടേറെ വിവരാവകാശ അപേക്ഷകൾ മറുപടി നൽകാതെ ആരോഗ്യ വകുപ്പും തദ്ദേശ വകുപ്പും പരസ്പരം തട്ടിക്കളിക്കുകയായിരുന്നു. എന്നാൽ മരിച്ചവരുടെ ഡേറ്റ കൈവശമുള്ള ഇൻഫർമേഷൻ കേരള മിഷന് ഒഴിഞ്ഞു മാറാനാകില്ല. ഇവർ മറുപടി നൽകിയതോടെയാണ് യഥാർഥ കണക്ക് പുറത്തുവന്നത്. 

ആരോഗ്യ വകുപ്പിനും ആശുപത്രികളിൽ നിന്നു നേരിട്ടാണ് മരണക്കണക്ക് ലഭിക്കുന്നത്. ഒരേ ഉറവിടത്തിൽ‌ നിന്നു ലഭിക്കുന്ന കണക്ക്, ഇൻഫർമേഷൻ കേരള മിഷനും ആരോഗ്യ വകുപ്പും ക്രോഡീകരിക്കുമ്പോൾ വ്യത്യാസപ്പെടുന്നത് മനഃപൂർവമുള്ള വെട്ടിക്കുറയ്ക്കലിലേക്കു വിരൽ ചൂണ്ടുന്നു. സംസ്ഥാനത്ത് പതിമൂവായിരത്തോളം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇൗ മാസം ആദ്യം മനോരമ റിപ്പോർ‌ട്ട് ചെയ്തിരുന്നു. 

∙ ‘കോവിഡ് മരണക്കണക്ക് സർക്കാർ പൂഴ്ത്തിവയ്ക്കുന്നെന്ന ആരോപണം ശരിവയ്ക്കുന്നതാണ് വിവരാവകാശ രേഖ. കണക്കുകൾ മറച്ചുപിടിച്ചാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല. ഇതിനെതിരെ തെളിവുകൾ സഹിതം കോടതിയെ സമീപിക്കും.’ – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

5 ലക്ഷം ഡോസ് ‌കോവിഷീൽഡ് 

തിരുവനന്തപുരം ∙ കേരളത്തിന് 5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി ഇന്ന് ലഭിക്കും. ഇത് എറണാകുളം (1.70 ലക്ഷം), തിരുവനന്തപുരം (1.60 ലക്ഷം), കോഴിക്കോട് (1.70 ലക്ഷം) എന്നീ കേന്ദ്രങ്ങളിൽ ഇന്ന് എത്തും. വെള്ളിയാഴ്ച മുതൽ വിതരണം കാര്യക്ഷമമാകും.

കോവിഡ് 22,129, ടിപിആർ 12.35%; രണ്ടു മാസത്തിനു ശേഷം വീണ്ടും 20,000+

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രതിദിന കോവിഡ് എണ്ണം വീണ്ടും 20,000നു മുകളിൽ. ഇന്നലെ 1,79,130 സാംപിളുകളുടെ ഫലം വന്നപ്പോൾ 22,129 പേർ പോസിറ്റീവായി. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 12.35%. മേയ് 29നു ശേഷം ആദ്യമായാണ് പ്രതിദിന എണ്ണം 20,000 കടക്കുന്നത്. ഇന്നലെ 156 മരണം കൂടി റിപ്പോർട്ട് ചെയ്തു; ആകെ മരണം 16,326

Content Highlight: Covid death numbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com