ADVERTISEMENT

ഗ്രൗണ്ടിൽ എതിർ ടീം ഇല്ലെങ്കിൽ പിന്നെ കളി വിരസമാകും, പ്രാക്ടീസ് മാച്ചിന്റെ പരിവേഷമേ ഉണ്ടാകൂ. പ്രതിപക്ഷം രാവിലെ സഭ ബഹിഷ്കരിച്ചതോടെ കളി ഏകപക്ഷീയമാകേണ്ടതായിരുന്നു. പക്ഷേ കേരള സഭയിൽ നിലവിൽ അദൃശ്യനായ ആ ശത്രുവിനെ മുന്നിൽ കിട്ടിയതോടെ ഭരണപക്ഷം ഉഷാറായി. കെ.കെ.ശൈലജയും ആർ.ബിന്ദുവും വി.എൻ. വാസവനും എല്ലാം മുൻനിര ഫോർവേഡുകളായി. തടുക്കാൻ ആളില്ലാത്ത ‘കേന്ദ്രവലയിൽ ’ഗോൾ നിറഞ്ഞു.

ചില്ലറക്കാരെയല്ല ഇവരെല്ലാം ആക്രമിച്ചു കളഞ്ഞത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധർമേന്ദ്ര പ്രധാനും ആയിരുന്നു ഉന്നം. കേന്ദ്രത്തിന്റെ പുതിയ സഹകരണ മന്ത്രാലയത്തിനും ദേശീയ വിദ്യാഭ്യാസ നിയമത്തിനും എതിരെ അംഗങ്ങളും മന്ത്രിമാരും തീ തുപ്പി. തങ്ങളുടെ അനൗദ്യോഗിക പ്രമേയങ്ങളോടു മന്ത്രിമാരുടെ ഐക്യദാർഢ്യം കണ്ടപ്പോൾ ഔദ്യോഗിക പ്രമേയങ്ങളായി മാറി സഭാ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് അവതാരകരായ എം.വിജിനും കെ.കെ.ശൈലജയ്ക്കും തോന്നിയെങ്കിൽ തെറ്റില്ല. പക്ഷേ വെള്ളിയാഴ്ചകളിലെ പതിവു ചരമഗീതങ്ങളായി പ്രമേയങ്ങൾ ഒടുങ്ങി. സ്വകാര്യ പ്രമേയ സ്വഭാവത്തോടെ അംഗങ്ങൾ കൊണ്ടു വരുന്ന ഇവ പാസാകണമെങ്കിൽ സർക്കാർ ഏറ്റെടുത്ത് സ്വന്തം കുട്ടിയാക്കണം എന്നാണു വ്യവസ്ഥ.

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വിജിനെയും നിലവിലെ സെക്രട്ടറി സച്ചിൻ‍ ദേവിനെയും ആണ് വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിദ്യാർഥി–അക്കാദമിക് സമൂഹത്തിന്റെ ആശങ്ക പ്രകടിപ്പിക്കാൻ സിപിഎം നിയമസഭാ കക്ഷി നിയോഗിച്ചത്. ഒറ്റനോട്ടത്തിൽ കൊള്ളാമെന്നു തോന്നുന്ന വിദ്യാഭ്യാസ നയമാകുന്ന പിച്ചിലെ ചതിക്കുഴികൾ വിജിൻ നിരത്തിയപ്പോൾ സച്ചിൻ കൂടുതൽ പ്രഹരശേഷിയോടെ കേന്ദ്രത്തിനെതിരെ ബാറ്റ് ചുഴറ്റി.

ശേഷം സഭ കണ്ടത് കോളജ് അധ്യാപിക കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ പ്രബന്ധാവതരണമാണ്. നയത്തിലെ ‘കുറ്റകരമായ മൗനങ്ങളും അഭാവങ്ങളും’ കണ്ടെത്തിയ മന്ത്രി ആ ‘ പ്രതിലോമ അംശങ്ങൾ നിറഞ്ഞ നയത്തിനെതിരെ’ പുതിയ നയരേഖ തന്നെ കേരളം തയാറാക്കുമെന്നു പ്രഖ്യാപിച്ചു.

കോവിഡ് ഉയർത്തുന്ന ആശങ്കകൾ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ താൻ ചൂണ്ടിക്കാട്ടിയത് ചാനലുകളിൽ ‘ബ്രേക്കിങ് ന്യൂസ്’ ആയതിന്റെ കരുതലോടെയാണ് പിന്നീടു മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രസംഗിച്ചത്. കേരളത്തിന്റെ ശക്തമായ സഹകരണ പ്രസ്ഥാനത്തെ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്രത്തിന്റെ പല സഹകരണ മാരണ നിയമങ്ങളും എന്നു ശൈലജ ചൂണ്ടിക്കാട്ടിയപ്പോൾ വി.ജോയി അതിന്റെ രഹസ്യം വെളിപ്പെടുത്തി. രണ്ടു ലക്ഷം കോടി മൂല്യമുള്ളതാണ് ഈ നാടിന്റെ സഹകരണമേഖല. രാജ്യത്തെ ഏറ്റവും മുന്തിയത്! പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത് മന്ത്രി വി.എൻ. വാസവനു കാര്യങ്ങൾ എളുപ്പമാക്കി. വിഷയം സഹകരണം ആണെങ്കിലും കരുവന്നൂർ പറഞ്ഞു കുത്തിനോവിക്കാൻ ആരും ഉണ്ടായില്ലല്ലോ.

ആദ്യദിനം ശൂന്യ വേളയിൽ സഭ ബഹിഷ്കരിച്ച പ്രതിപക്ഷം ഇന്നലെ അതുവരെ കാത്തുനിന്നില്ല. മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ചോദ്യോത്തര വേളയിൽ തന്നെ അവരുടെ പ്രതിഷേധം ഇരമ്പി. ഇനി അറിയാനുള്ളത് തിങ്കളാഴ്ചയിലെ എതിർപ്പിന്റെ സ്വഭാവമാണ്. മിനിയാന്നും ഇന്നലെയും സഭയിൽ ഉണ്ടാകാതിരുന്ന മന്ത്രി അന്ന് എത്തിച്ചേരാനുമാണ് എല്ലാ സാധ്യതയും.

ഇന്നത്തെ വാചകം

‘വർണക്കടലാസിൽ പൊതിഞ്ഞ വിഷം, അതാണു സംഘപരിവാറിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം.’ – കെ.എം. സച്ചിൻദേവ്

Content Highlight: Ministry of Co-Operation, National Education Policy, Naduthalam, Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com