ADVERTISEMENT

കോഴിക്കോട്∙ ഐഎൻഎൽ പിളർപ്പിൽ വഴിത്തിരിവ്; മന്ത്രി അഹമ്മദ് ദേവർകോവിലിനെ മധ്യസ്ഥനാക്കി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ കാസിം ഇരിക്കൂർ വിഭാഗത്തിന് അനുകൂലമായി കോടതിയുടെ ഉത്തരവ്. ഇതോടെ ഓഗസ്റ്റ് മൂന്നിന് വഹാബ് വിഭാഗം വിളിച്ചുചേർത്ത സംസ്ഥാന കൗൺസിൽ മാറ്റിവയ്ക്കേണ്ടിവരും.

പ്രഫ. എ.പി. അബ്ദുൽ വഹാബടക്കം എട്ടുപേർ ഓഗസ്റ്റ് 10 വരെ ഐഎൻഎല്ലിന്റെ പേര് ഉപയോഗിക്കരുതെന്നാണ്  കോഴിക്കോട് പ്രിൻസിപ്പൽ  മുൻസിഫ് കോടതി ഉത്തരവ് ഇറക്കിയത്. പ്രഫ. എ.പി.അബ്ദുൽവഹാബും നാസർകോയ തങ്ങളുമടക്കമുള്ള അനുയായികൾ പാളയത്തെ സംസ്ഥാനകമ്മിറ്റി ഓഫിസിൽ പ്രവേശിക്കുന്നതിനും താൽക്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്.

വഹാബ് വിഭാഗം ഓഗസ്റ്റ് മൂന്നിന് കോഴിക്കോട്ട് സംസ്ഥാന കൗൺസിൽയോഗം ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുമുന്നോടിയായി ജില്ലാകമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. കോഴിക്കോട് ജില്ലാകമ്മിറ്റി യോഗം സംസ്ഥാനകമ്മിറ്റി ഓഫിസിലാണ് ചേർന്നത്. എന്നാൽ, സംസ്ഥാനകമ്മിറ്റി ഓഫിസിൽ അതിക്രമിച്ചുകയറിയതായി കാസിം ഇരിക്കൂർ കസബ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലീസ് വഹാബ് വിഭാഗത്തിനെതിരെ കേസെടുക്കുകയും ചെയ്തു. വഹാബ് വിഭാഗം ഐഎൻഎല്ലിന്റെ പേരിൽ യോഗങ്ങൾ വിളിച്ചുചേർക്കരുതെന്ന് ഉത്തരവിട്ടതോടെ സംസ്ഥാനകൗൺസിൽ ചേരുന്നത് ആശങ്കയിലായി. 

ഐഎൻഎല്ലിന് സിപിഎമ്മിന്റെ അന്ത്യശാസനം

തിരുവനന്തപുരം∙ തമ്മിലടിച്ചാൽ മുന്നണിക്കു പുറത്തെന്നു സിപിഎം അന്ത്യശാസനം നൽകിയതോടെ ഐഎൻഎല്ലിൽ അനുരഞ്ജന നീക്കം. പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബ് മറുവിഭാഗത്തിനൊപ്പം നിൽക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ കണ്ട് ഒത്തുതീർപ്പു ചർച്ച നടത്തി. ഒരുമിച്ചു പോകാൻ സന്നദ്ധമാണെന്ന് ഇതിനു ശേഷം എകെജി സെന്ററിലെത്തി വഹാബ് വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു.

കഴിഞ്ഞ ദിവസം സിപിഎം, സിപിഐ നേതൃത്വത്തെ കണ്ടപ്പോൾ തന്നെ അവരുടെ ഉറച്ച നിലപാടു മനസ്സിലാക്കിയ വഹാബ് ഇന്നലെ പുലർച്ചെ ആറിനു ഗെസ്റ്റ് ഹൗസിൽ എത്തിയാണു മന്ത്രിയെ കണ്ടത്. വഹാബ്‌വിരുദ്ധ പക്ഷത്തെ നയിക്കുന്ന കാസിം ഇരിക്കൂറിന് ഒപ്പമാണു മന്ത്രി എന്നാണു കരുതപ്പെടുന്നത്.

English Summary: Twist in INL split

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com