ADVERTISEMENT

കമ്പം ∙ റോഡരികിലൂടെ കമ്പംമെട്ട് മേഖലയിലേക്കു നടന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലേക്കു തിരിയാൻ കാരണം ലോറിയുടെ ഹോൺ ശബ്ദം. വെള്ളിയാഴ്ച രാത്രി കഴുതമേട് ഭാഗത്തു തങ്ങിയ ആന ഇന്നലെ രാവിലെ ആറോടെ റോഡരികിലൂടെ നടന്നുപോകുന്നത് ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു. ഭയന്ന ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കിയതോടെ വിളറി പൂണ്ട ആന ദേശീയപാത മുറിച്ചുകടന്നു ജനവാസമേഖലയിലെത്തി.

ഇതോടെ ജനം പുറത്തിറങ്ങരുതെന്ന് ഉദ്യോഗസ്ഥർ മൈക്ക് അനൗൺസ്മെന്റ് തുടങ്ങി. തുറന്ന കടകളെല്ലാം പൊലീസ് അടപ്പിച്ചു. നാട്ടുകാർ ഇരുചക്രവാഹനങ്ങളിലും കാൽനടയായും ആനയെ പിന്തുടർന്നു. പൊലീസ് പലതവണ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. ഉച്ചയ്ക്ക് 2 മണിയോടെയാണ് തേനി ജില്ലാ ഭരണകൂടം കമ്പം നഗരസഭാ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

അരിക്കൊമ്പൻ നിന്ന പുളിത്തോട്ടത്തിന് 50 മീറ്റർ മാറി 2 റേഷൻ കടകളുണ്ട്. ഒരു കടയുടെ പരിസരത്ത് അരിക്കൊമ്പൻ രാവിലെ നിലയുറപ്പിച്ചതായും നാട്ടുകാർ പറയുന്നു. ഇതിന്റെ വാതിലിൽ തുമ്പിക്കൈ കൊണ്ടു തട്ടിനോക്കിയശേഷമാണ് ആന പുളിത്തോട്ടത്തിൽ നിലയുറപ്പിച്ചത്.

അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവു കാണാനുണ്ട്. ഷെഡ് പൊളിക്കുന്നതിനിടെയുള്ള പരുക്കാണെന്ന് തമിഴ്നാട് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇത് ആനയെ കൂടുതൽ അസ്വസ്ഥനാക്കുന്നതായും വനംവകുപ്പ് കരുതുന്നു.

മയക്കുവെടി ആപത്തോ?

ആനയ്ക്കു മയക്കുവെടിയേറ്റ് 24 മണിക്കൂർ കഴിഞ്ഞാൽ മരുന്നിന്റെ സാന്നിധ്യം ശരീരത്തിലുണ്ടാകില്ല. രണ്ടു ദിവസം വരെ ക്ഷീണം അനുഭവപ്പെടാമെങ്കിലും പിന്നീട് എപ്പോൾ വേണമെങ്കിലും അടുത്ത ഡോസ് നൽകാം. ഇത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല. അരിക്കൊമ്പനു മയക്കുവെടിയേറ്റ് ഒരു മാസം പിന്നിട്ടതിനാൽ ഇപ്പോൾ വീണ്ടും വെടിവയ്ക്കുന്നതിൽ പ്രശ്നമില്ല.  

(വിവരത്തിന് കടപ്പാട്: ചിന്നക്കനാൽ ദൗത്യത്തിൽ പങ്കെടുത്ത വെറ്ററിനറി വിദഗ്‌ധൻ)

English Summary : Arikomban turned towards populated area because of lorry horn sound

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com