ADVERTISEMENT

മലപ്പുറം ∙ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം മുഖ്യപ്രതികളായ ഷിബിലിയും ഫർഹാനയും കടന്നുകളയാൻ ശ്രമിച്ചത് അസമിലേക്ക്. അവിടെ തങ്ങാൻ സഹായം തേടിയതാകട്ടെ മുൻപ് കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ തൊഴിലാളിയോടും. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ക്വാർട്ടേഴ്സിൽ ഷിബിലി താമസിച്ചിരുന്നപ്പോഴാണ് ഈ അസം സ്വദേശിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്ടെ സ്ഥാപനത്തിലെത്തുന്നതിനു മുൻപ് അങ്ങാടിപ്പുറത്തു താമസിച്ച് ഹോട്ടലുകളിലും മറ്റുമായി ഷിബിലി ജോലി ചെയ്തിരുന്നു. കൊലപാതക ശേഷം ഷിബിലിയും ഫർഹാനയും ആഷിക്കും വീടുകളിലേക്ക് മടങ്ങിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് നാടുവിടാൻ തീരുമാനിച്ചത്. എങ്ങോട്ടു പോകുമെന്ന ആലോചനയിലാണ് അസം സ്വദേശിയായ സുഹൃത്തിന്റെ കാര്യം ഓർമ വന്നത്. 

എടിഎം പിൻ ഷിബിലിക്ക് നേരത്തേ അറിയാം

മലപ്പുറം ∙ കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിന്റെ എടിഎം കാർഡ് പിൻ നമ്പറുകൾ മർദിച്ചു കൈവശപ്പെടുത്തിയതല്ല, ഷിബിലിയെ വിശ്വസിച്ച് അദ്ദേഹം തന്നെ നേരത്തേ കൈമാറിയതെന്ന് പൊലീസ്. ഹോട്ടലിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഷിബിലിയുടെ കൈവശം കാർഡ് കൊടുത്തയയ്ക്കാറുണ്ടായിരുന്നു. ഇതിന്റെ കൂടെ പിൻ നമ്പറും പറഞ്ഞു കൊടുത്തിരുന്നതായി ഷിബിലി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പൊലീസിനെ സഹായിച്ചത് സിസിടിവി ദൃശ്യങ്ങൾ

മലപ്പുറം ∙ സിദ്ദീഖിന്റെ തിരോധാനം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസ് കടന്നത് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ നിന്ന്. കോഴിക്കോട്ടെ ഹോട്ടൽമുറിയിലേക്ക് സിദ്ദീഖ് കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം തിരിച്ചു പോകുന്ന ദൃശ്യങ്ങളില്ല. പകരം മറ്റു 3 പേർ മാത്രമാണ് തിരിച്ചു പോകുന്നത്. 

കൊലയ്ക്കുശേഷം ഷോപ്പിങ്!

തിരൂർ ∙ അരുംകൊലയ്ക്ക് ശേഷം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ മടങ്ങിയത് ഷോപ്പിങ് നടത്തിയ ശേഷം. 18ന് രാത്രി സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം രാത്രി 9 മണിയോടെ ഫർഹാനയും ഷിബിലിയും ആഷിഖും മാനാഞ്ചിറ ഭാഗത്തേക്കു പോയി. അവിടെ നിന്ന് ട്രോളി ബാഗ് വാങ്ങി. അതിനു ശേഷം മൂന്നു പേർക്കും പുതിയ വസ്ത്രങ്ങൾ കൂടി വാങ്ങിയ ശേഷമാണ് ഇവർ മടങ്ങിയെത്തിയത്. പിറ്റേന്ന് രാവിലെ വീണ്ടും പുറത്തിറങ്ങി ട്രോളി ബാഗും ഇലക്ട്രിക് കട്ടറും വാങ്ങുകയായിരുന്നു.

English Summary: Tirur hotel owner Siddique murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com