ADVERTISEMENT

ചീരട്ടാമല (പെരിന്തൽമണ്ണ) ∙ അടുത്തിടെ പ്രാദേശിക സഞ്ചാരികൾ പെരിന്തൽമണ്ണയിലെ ‘മിനി ഊട്ടി’ ആക്കി മാറ്റിയ ചീരട്ടാമല വ്യൂ പോയിന്റിലേക്ക് ഉച്ച സമയത്ത് പൊലീസ് വാഹനങ്ങളടങ്ങുന്ന വൻ സംഘം കുതിക്കുന്നതു കണ്ട് നാട്ടുകാർ അമ്പരന്നു. വഴി ചോദിച്ചപ്പോൾ പ്രദേശവാസികളിലൊരാൾ പറഞ്ഞത് ‘അങ്ങോട്ട് പൊലീസ് പടയും പോകുന്നതു കണ്ടു, എന്താ സംഭവം?’. കേരളം ഞെട്ടിയ നിഷ്ഠുരമായൊരു കൊലപാതകത്തിന്റെ രഹസ്യങ്ങൾ ഇവിടത്തെ തോട്ടപ്പയർ വള്ളികൾക്കിടയിലായിരുന്നു മറഞ്ഞുകിടന്നതെന്ന് അവരറിഞ്ഞിട്ടുണ്ടായിരുന്നില്ല.

തിരൂരിൽ നിന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെയും കൊണ്ട് അങ്ങാടിപ്പുറത്തേക്ക് തിരിക്കുമ്പോൾ തുക പിൻവലിച്ച എടിഎം കൗണ്ടറിലെ തെളിവെടുപ്പിനെന്നായിരുന്നു വിവരം. പിന്നീടാണ് സിദ്ദീഖിന്റെ വസ്ത്രങ്ങളും കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും ഉപയോഗിച്ച വസ്തുക്കളും വലിച്ചെറിഞ്ഞ ചീരട്ടാമലയിലേക്കാണ് യാത്രയെന്ന വിവരം പുറത്തായത്. ആദ്യം 2 പൊലീസുകാരെ വിട്ട് സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാണ് സംഘം ഇങ്ങോട്ടെത്തിയത്.

ഉച്ചയ്ക്ക് 1.15ന് എത്തിയ സംഘം 1.30ന് ആണ് തെളിവുകൾ വീണ്ടെടുക്കാൻ ആരംഭിച്ചത്. ഫർഹാനയാണ് കവർ വലിച്ചെറിഞ്ഞ സ്ഥലം കൃത്യമായി ചൂണ്ടിക്കാട്ടിക്കൊടുത്തത്. ആ സമയം ഒരു പൊലീസുകാരി അവരുടെ ഇടത്തേ കൈ മുറുക്കിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു.

5 മിനിറ്റിനുള്ളിൽ ആദ്യത്തെ കെട്ട് കിട്ടി. സാധനങ്ങൾ നിറച്ചൊരു മഞ്ഞക്കവർ മറ്റൊരു കറുത്ത കവറുകൊണ്ട് പൊതിഞ്ഞ നിലയിൽ. അതിൽ നിന്ന് 2 എടിഎം കാർഡുകൾ, ടർക്കി, ചോരക്കറയുള്ള ബെഡ്ഷീറ്റ്, കത്തി തുടങ്ങിയ സാധനങ്ങൾ കിട്ടി. പിന്നാലെ ഇലക്ട്രിക് കട്ടറും അതിന്റെ മുറിഞ്ഞൊരു ബ്ലേഡും മുറിയാത്തൊരു ബ്ലേഡും കിട്ടി. ചുറ്റിക ലഭിച്ചത് അൽപം കൂടി അകലെ നിന്ന്. സിദ്ദീഖിന്റെ ജീൻസും മറ്റു ചില സാധനങ്ങളും കിട്ടിയത് 300 മീറ്റർ അകലെ റബർ തോട്ടത്തിൽ നിന്ന്. 

ഒരുമിച്ച് എറിഞ്ഞതായിരുന്നു കവറുകളെങ്കിലും പട്ടിയോ മറ്റോ വലിച്ചു കൊണ്ടുപോയതാകാം എന്നാണ് പൊലീസ് നിഗമനം. ഡി കാസ എന്ന ലോഡ്ജിന്റെ പേരെഴുതിയ തലയണക്കവർ, സിദ്ദീഖിന്റെ ചെരിപ്പുകൾ, മൃതദേഹം കീറിമുറിക്കുന്നതിനായി ഉപയോഗിച്ച കയ്യുറകൾ തുടങ്ങിയവയെല്ലാം ഇവിടെ നിന്ന് കിട്ടിയവയിൽപ്പെടും.

വിവരമറിഞ്ഞ് ആളുകൾ ഒഴുകിയെത്തിയതോടെ ഫർഹാനയെ ജീപ്പിലേക്ക് മാറ്റി. ഓരോ സംശയം ചോദിക്കുമ്പോഴും ഭാവഭേദമൊന്നുമില്ലാതെയായിരുന്നു ഫർഹാനയുടെ മറുപടി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ ഓരോ തെളിവുകളും വിശദമായി പരിശോധിച്ചു. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ബിഗ് ഷോപ്പറിലേക്കു മാറ്റി. 3 മണിയോടെ ഇവിടെ നിന്നു പൊലീസ് മടങ്ങുമ്പോഴേക്കും പ്രധാന തെളിവുകളെല്ലാം ശേഖരിച്ചിരുന്നു. 

English Summary: Tirur hotel owner Siddique murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com