Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപടി വാങ്ങി തൃപ്തനായി വിഎസ്; അയയാതെ സംസ്ഥാന നേതൃത്വം

VS Achuthanandan

തിരുവനന്തപുരം∙ അച്ചടക്ക നടപടി സ്വീകരിക്കുകയും അതിനു വിധേയനായ വി.എസ്. അച്യുതാനന്ദനെയും തൃപ്തിപ്പെടുത്തുന്ന തന്ത്രം പയറ്റി സിപിഎം കേന്ദ്രനേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ ഭിന്നത എ. വിജയരാഘവന്റെ വാക്കുകളിൽ കൂടി പുറത്തുചാടിയെങ്കിലും ഇതിലേറെ കടുപ്പമുള്ള ഒരു തീരുമാനം കേന്ദ്ര, കേരള നേതൃത്വങ്ങളിലെ ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നുമില്ല.

വിഎസും സംസ്ഥാന നേതൃത്വവും വഴിപിരിയും എന്നു തോന്നിയ ഘട്ടത്തിലാണ് ഇരുവർക്കും പറയാനുള്ളതു കേട്ടു തീർപ്പാക്കാൻ പൊളിറ്റ് ബ്യൂറോ അംഗങ്ങളടങ്ങുന്ന കമ്മിഷനെ വച്ചത്. ആ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ വീണ്ടും ഒരു വഴിപിരിയലുണ്ടാകരുതെന്ന അഭിപ്രായത്തിനു മേൽക്കൈ കിട്ടി. പാർട്ടി ആകെ പിടിച്ചുനിൽക്കുന്നത് കേരളത്തിലെ ഭരണം ചൂണ്ടിക്കാട്ടിയാണ്. കേരളത്തിലെ കെട്ടടങ്ങുന്ന സംഘടനാപ്രശ്നങ്ങളുടെ കനലുകൾ ഊതിക്കത്തിക്കേണ്ടതില്ല. അതിനാൽ വിഎസിനെ നന്നായി വഴക്കുപറഞ്ഞ് കൂടെനിർത്താം എന്ന യച്ചൂരിയുടെ വാദം ഫലം കണ്ടു.

രാവിലെ കേന്ദ്ര കമ്മിറ്റി തുടങ്ങുന്നതിനു മുമ്പ് യച്ചൂരി വിഎസിനോട് സംസാരിച്ചിരുന്നു. അച്ചടക്കലംഘനങ്ങളുടെ പരമ്പര തന്നെ കമ്മിഷൻ എടുത്തുപറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി. തുടർന്ന് വസതിയിലേക്കു മടങ്ങിയ വിഎസ് കമ്മിറ്റി തുടങ്ങിയശേഷം തയാറെടുത്താണ് മടങ്ങിവന്നത്. കേരളഘടകത്തെ പ്രതിനിധീകരിച്ച എ. വിജയരാഘവൻ സംസ്ഥാനനേതൃത്വത്തിന്റെ വികാരം പങ്കുവച്ചു. കമ്മിഷൻ റിപ്പോർട്ട് സ്വയം സംസാരിക്കുന്നതാണ്. സംസ്ഥാനസമ്മേളനം ബഹിഷ്കരിക്കുന്നതടക്കം ഗുരുതരമായ അച്ചടക്കലംഘനങ്ങളാണ് വിഎസ് നടത്തിയിട്ടുള്ളത്. ഗുരുതരമായ തെറ്റിന് ഗൗരവമുളള ശിക്ഷതന്നെ വേണം. പാർട്ടിയിൽ തുടരാൻ കഴിയാത്ത തരത്തിലുള്ള നടപടികളാണ് പലതും. അതു കണക്കിലെടുക്കാതെ പോകരുതെന്നും വിജയരാഘവൻ പറഞ്ഞു.

എന്നാൽ തെറ്റുതിരുത്തി കൂടെ നിർത്താൻ പോന്ന തീരുമാനം എന്ന അഭിപ്രായത്തിനാണ് മേൽക്കൈ കിട്ടിയത്. പാരമ്പര്യവും ജനകീയതയുമുള്ള നേതാവിനെ ഈ ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് അകറ്റുന്ന നടപടി അരുത് എന്നത് പൊതുവികാരമായതോടെ ശിക്ഷ ലഘുവായി. ഇന്നാരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഇക്കാര്യത്തിലുളള സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണം പക്ഷേ മറനീക്കും.

തന്റെ ഭാഗം വിഎസും ന്യായീകരിച്ചു. സംസ്ഥാനസമ്മേളനം ബഹിഷ്കരിച്ചത് തനിക്കെതിരെ അതിനു മുമ്പായി പ്രമേയം പാസാക്കി പരസ്യമാക്കിയതുകൊണ്ടാണ്. പ്രകോപനം ബോധപൂർവം സൃഷ്ടിച്ചു. പാർട്ടിവിരുദ്ധത ആരോപിക്കുന്ന പ്രമേയം ഉണ്ടായശേഷം സമ്മേളനവേദിയിൽ തുടർന്നിട്ടു കാര്യമില്ല. വാർത്തകളൊന്നും താൻ ചോർത്തിയിട്ടില്ല. താൻ പങ്കെടുക്കാത്തപ്പോഴും പങ്കെടുക്കുമ്പോഴുമൊക്കെ വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്ധുനിയമന വിവാദത്തിൽ പൊളിറ്റ് ബ്യൂറോയ്ക്കുള്ള നീരസം സ്പഷ്ടമായതോടെ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കൂടുതൽ വിഷമവൃത്തത്തിലായി. കേസുള്ളതുകൊണ്ടാണ് നടപടിക്കു മുതിരാത്തത് എന്ന സൂചന ജനറൽ സെക്രട്ടറി തന്നെ പരസ്യപ്പെടുത്തി എന്നത് ചെറിയ കാര്യമല്ല. മന്ത്രിസ്ഥാനം പോയ ജയരാജനെതിരെ തിരക്കിട്ടു സംഘടനാനടപടി ഒഴിവാക്കി എന്നതു മാത്രമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് ആശ്വസിക്കാനുള്ളത്. പാർട്ടിതല അന്വേഷണവും അദ്ദേഹത്തിനും ശ്രീമതിക്കും എതിരെ വരുന്നു. വിവാദം കത്തിക്കാളിയശേഷവും ഇക്കാര്യത്തിൽ എന്തുവേണം എന്ന നിർദേശം സംസ്ഥാനനേതൃത്വത്തിൽ നിന്നു കേന്ദ്രത്തിനു പോയിരുന്നില്ല. എന്നാൽ ഇപ്പോൾ അതു പിബി ആവശ്യപ്പെട്ടിരിക്കുന്നു.

വിടുതൽ ഹർജി തള്ളിയതിനെതിരെ മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന എം.എം. മണിക്ക് അവിടെ നിന്ന് ആശ്വാസം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യം പരുങ്ങലിലാകും. മണിക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് യച്ചൂരിയുടെ നയം. 

വിഎസും അച്ചടക്കനടപടികളും

1) 1966: ജയിലിലെ രക്‌തദാനവിവാദം (സെക്രട്ടേറിയറ്റിൽ നിന്നു തരംതാഴ്‌ത്തൽ)

2) 1988: അണുശക്‌തി നിലയം നിലപാട് (താക്കീത്)

3) 1998: പാലക്കാട് സമ്മേളനം വെട്ടിനിരത്തൽ (പിബി രഹസ്യ താക്കീത്)

4) 2007: എഡിബി വായ്‌പ വിവാദം (പരസ്യ ശാസന)

5) 2007: പിണറായി– വിഎസ് പരസ്യ വാദപ്രതിവാദം (പിബി സസ്‌പെൻഷൻ)

6) 2009: അച്ചടക്കലംഘനം (പിബിക്ക് പുറത്ത്)

7) 2011: ലോട്ടറി വിവാദത്തിൽ കത്തയച്ചത് (പാർട്ടിക്കുള്ളിൽ ശാസന)

8) 2012: ചന്ദ്രശേഖരൻ വധക്കേസ് ഇടപെടൽ (പരസ്യ ശാസന)

9) 2012 : കൂടംകുളം വിവാദം (പരസ്യ ശാസന)

10) 2013: വീണ്ടും പരസ്യപ്രസ്‌താവന, അച്ചടക്കലംഘനം (ശാസന)

11) 2017: പിബി കമ്മിഷൻ റിപ്പോർട്ട് (പരസ്യമായ താക്കീത്).