Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎ വിദ്യാർഥിനിയുടെ ദുരൂഹ മരണം: അന്വേഷണം ഇഴയുന്നെന്നു പരാതി

michael മിഷേൽ

പിറവം ∙ സിഎ വിദ്യാർഥിനി മിഷേലിന്റെ മൃതദേഹം കായലിൽ കാണപ്പെട്ടതിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടും പൊലീസ് അന്വേഷണം ഇഴയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെങ്കിലും ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണു പൊലീസ്. കേസുമായി ബന്ധപ്പെട്ടു പലർക്കു നേരെയും സംശയങ്ങളുണ്ട്.

പക്ഷേ, ഇതുവരെ ആരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനം വിശ്വാസയോഗ്യമല്ലാത്തതിനാൽ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം പെരിയപ്പുറം സ്വദേശി ഷാജി വർഗീസ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.

മിഷേലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു നാളെ സർവകക്ഷി യോഗം വിളിക്കാൻ പിറവം നഗരസഭ തീരുമാനിച്ചു. കലൂർ പള്ളിയിലേക്കെന്നു പറഞ്ഞു കഴിഞ്ഞ അഞ്ചിനു വൈകിട്ട് എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നു പുറപ്പെട്ട മിഷേലിനെ പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പള്ളിയിൽനിന്നിറങ്ങിയ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ പൊലീനു കൈമാറിയിരുന്നു. ഒരു യുവാവ് പ്രണയാഭ്യർഥനയുമായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും സഹിക്കവയ്യാതെ ആത്മഹത്യക്കു ശ്രമിച്ചതാകാമെന്നുമാണു പൊലീസ് പറയുന്നത്.

എന്നാൽ, കായലിൽ കണ്ടെത്തിയ മൃതദേഹം ഒരു പകലിൽ കൂടുതൽ വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണമില്ലെന്നും മൃതദേഹം കരയ്ക്കെടുക്കുമ്പോൾ വയറ്റിൽ വെള്ളം ഇല്ലായിരുന്നുവെന്നുമുള്ള സൂചനകളാണു ദുരൂഹത വർധിപ്പിക്കുന്നത്. പ്രണയാഭ്യർഥനയുമായി പിന്നാലെ നടന്നതായി പറയുന്ന പിറവം സ്വദേശിയായ യുവാവിനോടു പൊലീസ് ഫോണിൽ മാത്രമാണു വിവരങ്ങൾ തിരക്കിയത്.

ഇപ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള യുവാവിനോടു നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു. പെൺകുട്ടിയുടെ ഫോണിലെ കോൾ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള യുവാക്കളെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

വിശദമായ അന്വേഷണം വേണം: അനൂപ് ജേക്കബ്

പിറവം ∙ വിദ്യാർഥിനിയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി അനൂപ് അറിയിച്ചു.

മിഷേലിന്റെ മരണം സംബന്ധിച്ചു തൃപ്തികരമായ പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കുമെന്നും ഇതിനു മുന്നോടിയായാണു നാളെ രാവിലെ 11നു സർവകക്ഷിയോഗം വിളിച്ചിരിക്കുന്നതെന്നും പിറവം നഗരസഭാധ്യക്ഷൻ സാബു ജേക്കബ് പറഞ്ഞു.

മരണശേഷവും മിഷേലിന്റെ ഫോൺ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഈ സാധ്യത പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്നു പിറവത്ത് ഒപ്പുശേഖരണം നടത്താൻ ഡിവൈഎഫ്ഐ തീരുമാനിച്ചു. ഒപ്പുശേഖരണത്തിനുശേഷം ഭീമഹർജി മുഖ്യമന്ത്രിക്കു സമർപ്പിക്കും.

related stories