തിരുവനന്തപുരം∙ സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിലെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കണമെന്നു വകുപ്പ് സെക്രട്ടറിമാരോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2016–17ൽ ആരംഭിച്ചതും പൂർത്തിയാകാത്തതുമായ ഇത്തരം പദ്ധതികളുടെ പട്ടിക ചീഫ് സെക്രട്ടറിക്കു നൽകും.
ഓരോ വകുപ്പും അവരുടെ കീഴിലെ പദ്ധതികൾ പട്ടിക പ്രകാരം പരിശോധിച്ചു പ്രവൃത്തികൾ എന്നേക്കു പൂർത്തിയാക്കാൻ കഴിയുമെന്നു വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.